പെഡ്രി ഇനിയേസ്റ്റയെ ഓർമിപ്പിക്കുന്നു, ബാഴ്സലോണക്കു ലാ ലിഗ നേടാൻ കഴിയുമെന്നും സാവി


കോപ്പ ഡെൽ റേ ടൂർണമെന്റിൽ നിന്നും തങ്ങളെ പുറത്താക്കിയ അത്ലറ്റിക് ക്ലബിനോട് ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ പകരം വീട്ടി ബാഴ്സലോണ. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ഒബാമയാങ്, ഒസ്മാനെ ഡെംബലെ, ലൂക്ക് ഡി ജോങ്, മെംഫിസ് ഡീപേയ് എന്നിവർ ഗോളുകൾ കണ്ടെത്തിയപ്പോൾ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബാഴ്സലോണ നാല് ഗോളുകൾക്ക് വിജയം നേടുന്നത്.
പകരക്കാരനായി ഇറങ്ങിയ ഒസ്മാനെ ഡെംബലെ ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തപ്പോൾ മത്സരത്തിൽ ഏവരുടെയും ഹൃദയം കവർന്ന പ്രകടനം നടത്തിയത് മധ്യനിര താരം പെഡ്രിയായിരുന്നു. മികച്ച പന്തടക്കത്തോടെ ബാഴ്സലോണ മധ്യനിരയെ അടക്കി ഭരിക്കുന്ന പ്രകടനമാണ് പത്തൊൻപതു വയസുള്ള സ്പാനിഷ് താരം നടത്തിയത്. മത്സരത്തിനു ശേഷം സാവി താരത്തെ പ്രശംസിക്കുകയും ചെയ്തു.
"അങ്ങിനെയാണ് താരം മത്സരത്തെ മനസിലാക്കുന്നത്. അവൻ ലൈനുകൾക്കിടയിലൂടെ അങ്ങിനെ പോകുന്നു, പൈവറ്റുകൾക്ക് പിറകിലൂടെ പോകുന്നു, പെഡ്രി എന്നെ ആന്ദ്രെസ് ഇനിയേസ്റ്റയെ ഓർമിപ്പിക്കുന്നു. വിസ്മയകരമാണ് താരം. ഇതുപോലെ പ്രതിഭയുള്ള താരത്തെ ഞാൻ ഒരുപാടൊന്നും കണ്ടിട്ടില്ല." സാവി മത്സരത്തിനു ശേഷം പറഞ്ഞു.
ബാഴ്സലോണയുടെ കിരീടസാധ്യതകളെ കുറിച്ചും മത്സരത്തിനു ശേഷം സാവി പറഞ്ഞു. "ഇപ്പോൾ ഞാൻ ഒന്നും തള്ളിക്കളയുന്നില്ല, റയൽ മാഡ്രിഡ് വളരെ കരുതരാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ. ഞങ്ങൾക്ക് കൂടുതൽ മികച്ച പൊസിഷനിലേക്ക് കയറാനുണ്ട്. ഇപ്പോഴും നാലാം സ്ഥാനത്തുള്ള ഞങ്ങൾക്കിനി മൂന്നാം സ്ഥാനം നേടണം. എൽഷെക്കെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പാണ് ഇനിയുള്ളത്." സാവി പറഞ്ഞു.
മുപ്പത്തിയേഴാം മിനുട്ടിൽ ഒബാമയാങിലൂടെ മുന്നിലെത്തിയ ബാഴ്സലോണ അവസാനത്തെ ഇരുപതു മിനുട്ടിലാണ് മൂന്നു ഗോളുകളും നേടുന്നത്. ബാഴ്സലോണ കൂടുതൽ മികച്ച ടീമായി മാറിയെന്നതിനാൽ ഈ ഫലം താൻ പ്രതീക്ഷിച്ചുവെന്നാണ് സാവി പറയുന്നത്. എന്നാൽ മികച്ചൊരു ടീമായ അത്ലറ്റിക്കിനെതിരെ നാല് ഗോളുകൾ നേടുകയെന്നത് പ്രയാസകരമാണെന്നും സാവി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.