Football in Malayalam

നാപ്പോളിക്കെതിരായ മത്സരം ബാഴ്‌സലോണയുടെ നിലവാരം വ്യക്തമാക്കുമെന്ന് സാവി

Sreejith N
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

നാപ്പോളിക്കെതിരെ നടക്കുന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരം വളരെ കടുപ്പമേറിയ ഒന്നാകുമെങ്കിലും അതിലൂടെ ബാഴ്‌സയുടെ നിലവാരം മനസിലാക്കാൻ കഴിയുമെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. ക്യാമ്പ് നൂവിൽ വെച്ചു നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞതിനു ശേഷം നാപ്പോളിയുടെ മൈതാനത്തു നടക്കുന്ന രണ്ടാം പാദ മത്സരം ബാഴ്‌സലോണയ്ക്ക് വളരെ നിർണായകമാണ്.

"ബാഴ്‌സലോണക്ക് ഒരു പ്രത്യേക കേളീശൈലി ഉണ്ടായിരുന്ന സമയത്ത് അവർ മികച്ച ടീമായിരുന്നെങ്കിലും ഇപ്പോഴത് കുറച്ചൊക്കെ നഷ്‌ടമായിരിക്കുന്നു, ഞങ്ങളതിനെ വീണ്ടെടുത്തു വരികയാണ്. ചാമ്പ്യൻസ് ലീഗിൽ കളിച്ച ഒരു ടീമിനെതിരെ എന്തു ചെയ്യാൻ കഴിയുമെന്ന് മനസിലാക്കാനുള്ള പരീക്ഷ കൂടിയാണിത്. ഓരോ മത്സരവും ഫൈനൽ പോലെയോ അതിനേക്കാൾ കൂടുതലോ ആണ്."

"അവരുടെ മൈതാനമായ ഡീഗോ അർമാൻഡ മറഡോണ സ്റ്റേഡിയത്തിലാണ് ഞങ്ങൾക്കു കളിക്കേണ്ടത്. ഞങ്ങൾക്ക് മത്സരിക്കാൻ കഴിയുമെന്ന് തെളിയിക്കണം. അത് ഞങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ഓരോ ദിവസമായി ഞങ്ങൾ മുന്നോട്ടു പോകണം. ചാമ്പ്യൻസ് ലീഗ് നിലവാരമുള്ള എതിരാളികളാണവർ. ബാഴ്‌സലോണക്ക് കരുത്തരായ ഒരു ടീമിനെതിരെ യൂറോപ്പിൽ കളിക്കാൻ കഴിയുമെന്നത് നല്ല തെളിവാണ്." സാവി മത്സരത്തിനു മുൻപേ മാധ്യമങ്ങളോട് പറഞ്ഞു.

"ടീം പുറത്തായാൽ അത് വലിയ നിരാശയാകും. ഞങ്ങൾ പ്രതീക്ഷ മുറുക്കെപ്പിടിച്ച് മുന്നോട്ടു പോവുകയാണ്. ഞങ്ങൾ ആദ്യപാദത്തിൽ നല്ല രീതിയിൽ മത്സരിച്ചു, ഇനി ഇവിടെയാണ് കളിക്കേണ്ടത്. ഞങ്ങൾ കഴിവിന്റെ ഏറ്റവുമുയർന്ന തലത്തിൽ കളിച്ചാൽ വിജയം നേടാനുള്ള സാധ്യതയുണ്ട്. പക്ഷെ ഒരു കടുത്ത മത്സരം ഞാൻ പ്രതീക്ഷിക്കുന്നു." സാവി വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ വലൻസിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കു കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ബാഴ്‌സലോണ നാപ്പോളിക്കെതിരെ ഇറങ്ങുന്നതെങ്കിലും മത്സരം അവരുടെ മൈതാനത്തായത് കാറ്റാലൻസിനു തിരിച്ചടിയാണ്. അവസാനം കളിച്ച മൂന്നു മത്സരത്തിലും നാപ്പോളി വിജയം നെറ്റിയിട്ടില്ലെന്നത് ബാഴ്‌സലോണക്ക് പ്രതീക്ഷയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit