Football in Malayalam

ജർമൻ പരിശീലക സ്ഥാനമൊഴിയുന്ന ജോകിം ലോ ബാഴ്‌സലോണക്ക് അനുയോജ്യനെന്ന് സാവി

Sreejith N
Germany Training Session
Germany Training Session / Fran Santiago/Getty Images
facebooktwitterreddit

ഈ സമ്മറിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിനു ശേഷം ജർമനിയുടെ പരിശീലക സ്ഥാനമൊഴിയുന്ന ജോകിം ലോ ബാഴ്‌സലോണക്ക് അനുയോജ്യനാണെന്ന് ക്ലബിന്റെ ഇതിഹാസതാരമായ സാവി ഹെർണാണ്ടസ്. പതിനഞ്ചു വർഷമായി ജർമൻ ടീമിനൊപ്പമുള്ള, ലോകകിരീട ജേതാവായ ലോ ഇനിയെവിടേക്കു‌ ചേക്കേറുമെന്ന് ഇതു വരെയും തീരുമാനിച്ചിട്ടില്ലെന്നിരിക്കെയാണ് അദ്ദേഹത്തിനു ബാഴ്‌സയിൽ വിജയങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് സാവി അഭിപ്രായപ്പെട്ടത്.

"എല്ലാത്തിന്റെയും ധാരാളിത്തമുള്ള പരിശീലകനാണ് അദ്ദേഹം. ആകർഷിക്കുന്ന ആക്രമണഫുട്ബോൾ കളിക്കാനിഷ്ടപ്പെടുന്ന ലോ അതിൽ ലോകചാമ്പ്യനുമായി. ജർമനി ഫുട്ബോളിനെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള ധാരണ സ്പെയിനിൽ നിന്നും ബാഴ്‌സയിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യങ്ങളെ ഓർമപ്പെടുത്തുന്നു. മത്സരങ്ങളെ മനസിലാക്കാനുള്ള കഴിവും വ്യക്തിത്വവും വെച്ച് അദ്ദേഹം ബാഴ്‌സക്ക് അനുയോജ്യനാണ്," സാവി ഒരു ജർമൻ മാധ്യമത്തോട് പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.

സ്പെയിനിലേക്ക് ലോയെത്തുമെന്ന അഭ്യൂഹങ്ങൾ ഇതാദ്യമായല്ല. റയൽ മാഡ്രിഡ് മുൻപ് തന്നെ സ്വന്തമാക്കാൻ ശ്രമം നടത്തിയിട്ടുള്ള ലോയെ സിദാന് പകരക്കാരനായി ലോസ് ബ്ലാങ്കോസ് ഇപ്പോഴും പരിഗണിക്കുന്നുണ്ട്. ലാ ലിഗയിലേക്ക് ചേക്കേറുന്നതിനു മുന്നോടിയായി അദ്ദേഹം സ്‌പാനിഷ്‌ ഭാഷ പഠിക്കുകയാണെന്ന റിപ്പോർട്ടുകളും ജർമനിയിൽ നിന്നുമുണ്ട്.

അതേസമയം ബാഴ്‌സലോണയിലേക്ക് ലോ എത്താനുള്ള സാധ്യതകൾ വളരെ കുറവാണ്. ഈ സീസണ് മുൻപ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത റൊണാൾഡ്‌ കൂമാന് ലാ ലിഗയടക്കം സാധ്യമായ രണ്ടു കിരീടങ്ങളും നേടാൻ കഴിഞ്ഞാൽ അടുത്ത സീസൺ കൂടി ടീമിനൊപ്പം തുടരാനായേക്കും. ഇനി കൂമാൻ ബാഴ്‌സ വിട്ടാലും പകരക്കാരനായി ബാഴ്‌സയിലെത്താൻ ഏറ്റവുമധികം സാധ്യത സാവിക്ക് തന്നെയാണ്.


facebooktwitterreddit