റയൽ മാഡ്രിഡിനെ മറികടക്കുക ദുഷ്‌കരം, ബാഴ്‌സലോണ എത്രത്തോളം മുന്നേറിയെന്നു തെളിയിക്കാനുള്ള അവസരമാണിതെന്ന് സാവി
By Sreejith N

ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നായ റയൽ മാഡ്രിഡിനെതിരായ സ്‌പാനിഷ് സൂപ്പർകപ്പ് പോരാട്ടം ബാഴ്‌സലോണയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. ബാഴ്‌സലോണ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സീസണിൽ റയൽ മാഡ്രിഡ് മികച്ച പ്രകടനം നടത്തി കുതിച്ച് ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായി തുടരുന്ന സാഹചര്യത്തിലാണ് മത്സരം നടക്കുന്നത്.
"ബാഴ്‌സലോണ ഇപ്പോഴും കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്ന ഒന്നായും റയൽ മാഡ്രിഡ് വളരെ മികച്ച ഘടനയിലെത്തിയ ഒരു ടീമായുമാണ് ഞാൻ കാണുന്നത്. പക്ഷെ അതിൽ കാര്യമില്ല. ഞങ്ങൾ എല്ലാ സാഹചര്യങ്ങളിലും അവരെ നേരിട്ടിട്ടുണ്ട്. അവർ സ്പെയിനിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമായതിനാൽ ഞങ്ങളുടെ കളി കാഴ്ച്ച വെക്കാൻ എളുപ്പമായിരിക്കില്ല." സാവി മത്സരത്തിനു മുൻപേയുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
Xavi says this #ElClásico could be a turning point for the team: pic.twitter.com/YAU63PMsH0
— FC Barcelona (@FCBarcelona) January 11, 2022
"ഞങ്ങൾ ടീമിൽ വളരെ നല്ല കാര്യങ്ങൾ കാണുന്നു. സ്വയം വിമർശനം വേണം, പക്ഷെ ഞാൻ നല്ല കാര്യങ്ങൾ കാണുന്നുണ്ട്. മറ്റു വശങ്ങളിൽ നിന്നും നോക്കുമ്പോൾ ഞങ്ങൾ നല്ല ടീമാണ്. ഈ പ്രോജക്റ്റ് പടുത്തുയർത്തുന്നത് തുടരണം. ഞങ്ങൾ എവിടെയെത്തി എന്നു മനസിലാക്കാനുള്ള നല്ലൊരു പരീക്ഷണമാണ് നാളത്തെ മത്സരം. പെഡ്രി, അറഹോ, ടോറസ് എന്നിവരെല്ലാം ടീമിനു വളരെ പ്രാധാന്യമുള്ള കളിക്കാരാണ്, അവർ തിരിച്ചു വന്നതിൽ സന്തോഷമുണ്ട്."
മത്സരത്തിൽ വിജയം നേടിയാൽ ബാഴ്‌സലോണയെ സംബന്ധിച്ച് അതൊരു വഴിത്തിരിവായിരിക്കുമെന്നും സാവി പറഞ്ഞു. "അതൊരു വഴിത്തിരിവാണ്. ഫൈനലിൽ എത്തി കിരീടം നേടാൻ കഴിഞ്ഞാൽ അതീ പ്രൊജക്റ്റിന്റെ വിശ്വാസ്യത വർധിപ്പിക്കും. സെമി ഫൈനൽ വിജയിക്കുകയെന്നത് വളരെ പ്രധാനമാണ്. അതു കിരീടം നൽകില്ല, ഒരു ഫൈനൽ കൂടി കളിക്കണമെങ്കിലും ഈ മത്സരം വളരെ പ്രധാനമാണ്."
"ഞങ്ങളെ സംബന്ധിച്ച് ഇതൊരു വെല്ലുവിളിയാണ്, കിരീടം നേടാനുള്ള അവസരമാണ്. വളരെ പ്രചോദനം നേടിയിട്ടുള്ള ഞങ്ങൾക്ക് ഇതൊരു വഴിത്തിരിവായിരിക്കും. ക്ലാസിക്കോ മത്സരങ്ങൾ അപ്രവചനീയമാണ്. എന്താണ് സംഭവിക്കുക എന്നു പറയാൻ കഴിയില്ല, പോയിന്റ് വ്യത്യാസം അതിൽ പ്രധാനപ്പെട്ട ഒന്നല്ല." സാവി വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.