Football in Malayalam

ടോപ് ഫോറിലെത്തുകയും കിരീടങ്ങൾ നേടുകയുമാണ് ലക്‌ഷ്യം, ഹാലൻഡിൽ താൽപര്യമുണ്ടെന്നും സാവി ഹെർണാണ്ടസ്

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ടോപ് ഫോറിലെത്തുകയും കിരീടങ്ങൾ സ്വന്തമാക്കുകയുമാണ് ബാഴ്‌സലോണയുടെ ഈ സീസണിലെ ലക്ഷ്യമെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. എൽഷെക്കെതിരെ നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സാവി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ലീഗിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ടീമുമായി അഞ്ചു പോയിന്റ് പിന്നിൽ എട്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബാഴ്‌സലോണക്ക് അടുത്ത സീസണിലെ ചാമ്പ്യൻഡ് ലീഗിനു യോഗ്യത നേടാൻ രണ്ടു വഴികളാണ് ബാക്കിയുള്ളത്. ഒന്നുകിൽ ലീഗിൽ ടോപ് ഫോർ നേടിയെടുക്കുക, അതല്ലെങ്കിൽ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ ഇടം പിടിച്ച് കിരീടം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗിലെത്തുക. എന്നാൽ താൻ പരിഗണന നൽകുന്നത് ടോപ് ഫോറിനു തന്നെയാണെന്നാണ് സാവി പറയുന്നത്.

"പ്രധാന ലക്‌ഷ്യം ടോപ് ഫോറിലെത്തുകയെന്നതും കിരീടങ്ങൾ നേടുക എന്നതുമാണ്. ഒന്നും എഴുതിത്തള്ളാൻ കഴിയില്ല. ഞങ്ങൾ ടേബിളിൽ ലീഡ് ചെയ്യുന്നവർക്ക് വളരെ പിന്നിലാണെങ്കിലും ഈ സ്‌ക്വാഡിൽ എനിക്ക് വളരെയധികം വിശ്വാസമുണ്ട്. റിസൾട്ടുകൾ വരുന്നില്ലെങ്കിലും ഞാൻ ആത്മവിശ്വാസത്തിലാണ്, ചിന്തകൾ നല്ലതുമാണ്. നാളെ മറ്റൊരു വലിയ പരീക്ഷ കാത്തിരിക്കുന്നു." സാവി പറഞ്ഞു.

എർലിങ് ഹാലാൻഡുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളെ കുറിച്ചും സാവി പ്രതികരിച്ചു. "ഈ സമയത്ത് ഞങ്ങൾ ബുദ്ധിമുട്ടുള്ള ഒരു സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നു പോവുകയാണ്. യാഥാർഥ്യത്തോടെ ചിന്തിച്ച് ടീമിനെ ശക്തിപ്പെടുത്തൽ അത്ര എളുപ്പമെല്ലെന്നു മനസിലാക്കണം, ശമ്പളവുമായി ബന്ധപ്പെട്ട പരിമിതികൾ ഉണ്ട്. എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം. എനിക്ക് ഹാലൻഡിനെ കുറിച്ച് ഒന്നുമറിയില്ല, എല്ലാവർക്കും താരത്തിൽ താൽപര്യമുണ്ട്."

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ചൊരു റിക്രൂട്ട്മെന്റ് പ്ലാൻ നടപ്പിലാക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സാവി പറഞ്ഞു. ഒരു പ്രീ സീസൺ പോലും ലഭിക്കാതെ സീസണിന്റെ ഇടയിൽ വെച്ച് ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നത് തിരിച്ചടിയാണെന്നും ടീമിന്റെ വേഗത, പൊസിഷനൽ പ്ലേ, പ്രതിരോധം എന്നിവയെല്ലാം മാറ്റേണ്ടത് അനിവാര്യമാണെന്നും സാവി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit