FC Barcelona News

മെസി പലപ്പോഴും നിരാശനാണ്, ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ഉപയോഗിക്കാൻ ബാഴ്‌സക്ക് കഴിയുന്നില്ലെന്ന് സാവി

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

ബാഴ്‌സലോണക്ക് ഒട്ടനവധി കിരീടനേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച മെസിയെ കഴിഞ്ഞ കുറച്ചു കാലമായി വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബാഴ്‌സIക്കു കഴിയുന്നില്ലെന്നും താരത്തെ മികച്ച രീതിയിൽ ഉപയോഗിച്ചാൽ നിരവധി കിരീടങ്ങൾ കാറ്റാലൻ ക്ലബിന് സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്നും വെളിപ്പെടുത്തി ക്ലബിന്റെ ഇതിഹാസതാരമായ സാവി. ഈ സീസണിൽ പല സമയത്തും മെസിയെ വളരെ വിഷാദത്തോടെയാണ് കണ്ടിട്ടുള്ളതെന്നും സാവി വെളിപ്പെടുത്തി.

ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മെസി സീസണ് ശേഷം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ ഇപ്പോഴും തള്ളിക്കളയാൻ കഴിയില്ല. മുപ്പത്തിമൂന്നുകാരനായ താരം ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ബാഴ്‌സ നേതൃത്വത്തിന്റെ ദിശാബോധമില്ലാത്ത പ്രവർത്തനം പല കിരീടങ്ങളും സ്വന്തമാക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

"ലിയോ സന്തോഷത്തോടെയിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. താരം സന്തോഷത്തോടെയും സംതൃപ്‌തിയോടെയും തുടർന്നാൽ കൂടുതൽ കിരീടങ്ങൾ ടീമിനു സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്." നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായ സാവി ടിവി3യോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"ലിയോ കളിക്കളത്തിൽ തൃപ്തനല്ലെന്നതിന്റെ സൂചനകൾ പല തവണ എനിക്ക് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദുഃഖം ബാഴ്‌സയെ പിന്തുണക്കുന്ന ഒരാളെന്ന തരത്തിൽ എന്നെയും സങ്കടത്തിലാക്കുന്നു. കഴിഞ്ഞ വർഷങ്ങളായി മെസിയുടെ കഴിവിനെ ഉപയോഗപ്പെടുത്താൻ ടീമിന് കഴിയുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ടീമിലുണ്ടായിരിക്കെയാണ് അത് വേണ്ടത്ര ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് കഴിയാത്തത്." സാവി പറഞ്ഞു.

ബാഴ്‌സലോണക്ക് വേണ്ടി പത്തു ലാ ലിഗയും ഏഴു കോപ്പ ഡെൽ റേയും നാല് ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി കരിയറിലിതു വരെ മുപ്പത്തിയഞ്ചു ട്രോഫികളാണ് സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. എന്നാൽ രണ്ടു സീസണുകളായി ഒരു കോപ്പ ഡെൽ റേ മാത്രം സ്വന്തമാക്കിയ ബാഴ്‌സ ഇത്തവണ ലാ ലിഗ നേടാൻ പരാജയപ്പെട്ടാൽ അതു മെസി ടീം വിടുന്നതിനു കാരണമായേക്കാം.

facebooktwitterreddit