Football in Malayalam

പരിശീലകസ്ഥാനമേറ്റെടുക്കാൻ തയ്യാറായിരുന്നു, ബാഴ്‌സലോണ ഒരിക്കൽ പോലും വിളിച്ചില്ലെന്ന് സാവി

Sreejith N
Jun 11, 2021, 12:11 PM GMT+5:30
'Campus Xavi Hernández by Santander' Presentation In Barcelona
'Campus Xavi Hernández by Santander' Presentation In Barcelona / Miquel Benitez/Getty Images
facebooktwitterreddit

റൊണാൾഡ് കൂമാനു പകരക്കാരനാവാൻ ബാഴ്‌സലോണ ഒരിക്കൽ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നു വെളിപ്പെടുത്തി ഇതിഹാസതാരം സാവി ഹെർണാണ്ടസ്. താൻ മാർക്കറ്റിൽ ഉണ്ടായിരുന്നുവെന്നും ബാഴ്‌സലോണ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരുന്നുവെന്നും വെളിപ്പെടുത്തിയ അദ്ദേഹം നിലവിലെ പ്രസിഡന്റായ യോൻ ലപോർട്ട അതു സംബന്ധിച്ച് തന്നെ വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കി.

വാൽവെർദെ, സെറ്റിയൻ എന്നിവരെ ബാഴ്‌സലോണ ഒഴിവാക്കിയപ്പോൾ അവർക്ക് പകരക്കാരായി സാവിയെ പരിഗണിച്ചിരുന്നെങ്കിലും അൽ സാദ് പരിശീലകനായ അദ്ദേഹം അതു നിരസിക്കുകയായിരുന്നു. ബാഴ്‌സലോണയെ ഏറ്റെടുക്കാൻ അനുയോജ്യമായ അവസ്ഥ അപ്പോഴുണ്ടായിരുന്നില്ലെന്നാണ് സാവി അതേക്കുറിച്ചു പിന്നീട് പറഞ്ഞത്. എന്നാൽ കൂമാനു പകരക്കാരനായി ബാഴ്‌സയിലെത്താൻ താൽപര്യമുണ്ടായിരുന്നു എന്നാണു സാവിയുടെ ഇപ്പോഴത്തെ വാക്കുകൾ വ്യക്തമാക്കുന്നു.

"ഞാനെല്ലായിപ്പോഴും മാർക്കറ്റിലുണ്ടായിരുന്നു. രണ്ടു വർഷമായി പരിശീലകനുമായിരുന്നു. ബാഴ്‌സലോണ പ്രസിഡന്റുമായി മികച്ച ബന്ധമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹമാണ് തീരുമാനമെടുത്തത്, എനിക്കദ്ദേഹത്തോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. കൂമാൻ തുടരുമെന്ന തീരുമാനം അവരെടുത്തു, ഞാനദ്ദേഹത്തിന് ആശംസകൾ നേരുന്നു.

"അദ്ദേഹം എന്തു തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അത് ക്ലബിന്റെ നല്ലതിനു വേണ്ടിയായിരിക്കും. ബാഴ്‌സലോണ എന്തു ചെയ്യുന്നുവെന്ന് എനിക്കറിയാം. ക്ലബിൽ ഇപ്പോഴും വളരെയധികം താൽപര്യവും എനിക്കുണ്ട്. എന്നാൽ ഈ രണ്ടോ മൂന്നോ മാസത്തിനിടയിൽ ഒരിക്കൽ പോലും ബോർഡിൽ നിന്നും ഒരാൾ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല," ബാഴ്‌സലോണയിലെ സാവി ഹെർണാണ്ടസ് ക്യാമ്പസിന്റെ അവതരണത്തിനിടയിൽ സാവി പറഞ്ഞു.

ബാഴ്‌സലോണ പരിശീലകനാവാനുള്ള രണ്ട് ഓഫറുകളും ബാർട്ടമോ പ്രസിഡന്റായിരിക്കുമ്പോഴാണ് വന്നതെന്നും സാവി പറഞ്ഞു. കറ്റാലൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ താൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ സാവി അക്കാര്യത്തിൽ ധൃതിയില്ലെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit