എൽ ക്ലാസിക്കോയിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെക്കാൾ മികച്ച ടീമായിരുന്നുവെന്ന് സാവി


ലാസ് വെഗാസിൽ വെച്ചു നടന്ന പ്രീ സീസൺ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെക്കാൾ മികച്ച ടീമായിരുന്നുവെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. പുതിയ താരങ്ങളെ അണിനിരത്തിയിറങ്ങിയ ബാഴ്സലോണ മത്സരത്തിൽ ബ്രസീലിയൻ താരം റഫിന്യയുടെ ഗോളിൽ വിജയം നേടിയിരുന്നു.
"ഞങ്ങൾ റയൽ മാഡ്രിഡിനെക്കാൾ മികച്ചതായിരുന്നു. വിജയത്തിനപ്പുറം എനിക്ക് സംതൃപ്തി ലഭിച്ചിട്ടുണ്ട്. ബെഞ്ചിലിരുന്ന് ഞാൻ മത്സരം ആസ്വദിച്ചിരുന്നു. കാറ്റലൻസിനു ഞങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഞങ്ങളെ സംബന്ധിച്ച് വലിയൊരു വിജയവും."
"ഞങ്ങൾക്ക് സന്തോഷമുണ്ട്. വിജയം നേടിയത് പ്രധാനമാണ്, ബാഴ്സലോണ റയൽ മാഡ്രിഡിനെ കീഴടക്കുന്നത് ഇഷ്ടപ്പെടുന്നു. ആദ്യപകുതി മികച്ചതായിരുന്നു, രണ്ടാം പകുതി അത്ര മികച്ചല്ല. ടീം കായികപരമായി മികച്ചു നിൽക്കുന്നത് ഞാൻ കാണുന്നു, മികച്ചൊരു ബാഴ്സയെയും ഞാൻ കാണുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സാവി പറഞ്ഞു.
മത്സരത്തിൽ ബോൾ പൊസഷനിൽ റയൽ മാഡ്രിഡിനായിരുന്നു ആധിപത്യമെങ്കിലും കൂടുതൽ ഷോട്ടുകളും മികച്ച അവസരങ്ങളും ബാഴ്സലോണക്കു തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ ലീഗിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ച ബാഴ്സലോണ തുടർച്ചയായ രണ്ടാം വിജയമാണ് റയൽ മാഡ്രിഡിനെതിരെ നേടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.