എൽ ക്ലാസിക്കോ പോരാട്ടത്തിൽ അൻസു ഫാറ്റി കളിക്കാനിറങ്ങുമെന്ന് സാവി

FC Barcelona Training Session
FC Barcelona Training Session / Quality Sport Images/GettyImages
facebooktwitterreddit

സ്‌പാനിഷ്‌ സൂപ്പർകോപ്പ സെമി ഫൈനലിൽ നടക്കാനിരിക്കുന്ന റയൽ മാഡ്രിഡ്-ബാഴ്‌സലോണ പോരാട്ടത്തിൽ ടീമിലെ യുവതാരമായ അൻസു ഫാറ്റി കളിക്കുമെന്നു വ്യക്തമാക്കി പരിശീലകൻ സാവി ഹെർണാണ്ടസ്. പരിക്കു ഭേദമായി പരിശീലനം തുടങ്ങിയ താരം ഗ്രനാഡക്കെതിരെ നടക്കുന്ന ലാ ലിഗ മത്സരത്തിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് സാവി ഇക്കാര്യം വെളിപ്പെടുത്തിയത്.

"അൻസു സുഖമായിരിക്കുന്നു. താരം സ്‌ക്വാഡിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഞങ്ങൾക്ക് യാതൊരു സാഹസത്തിനു മുതിരാൻ താൽപര്യമില്ല. ഞങ്ങൾക്ക് അവനെ സംരക്ഷിക്കണം. സൂപ്പർകോപ്പയിൽ ഫാറ്റി ടീമിനൊപ്പം ഉണ്ടാകും, താരത്തിന് മത്സരത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിനാൽ അതൊരു വലിയ വാർത്ത തന്നെയാണ്." സാവി വ്യക്തമാക്കി.

സെർജിനോ ഡെസ്റ്റ്, ഗാവി അബ്ദെ, ബാൾഡെ എന്നീ താരങ്ങളും ഗ്രാനഡക്കെതിരായ മത്സരത്തിനുണ്ടാകില്ല. ഗ്രനാഡക്കെതിരായ മത്സരത്തിനു ശേഷം സാവി ബാഴ്‌സലോണ പരിശീലകനായതിനു ശേഷമുള്ള ആദ്യ കിരീടത്തിലേക്കുള്ള നിർണായക ചുവടുവെപ്പായ മത്സരമാണ് നടക്കുന്നതെങ്കിലും തന്റെ ശ്രദ്ധ ഗ്രനാഡക്കെതിരായ മത്സരത്തിൽ മാത്രമാണെന്നാണ് സാവി പറയുന്നത്.

"ഇപ്പോൾ ഞങ്ങൾ ഗ്രനഡയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. റയൽ മാഡ്രിഡിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാണ് ഞങ്ങൾ അതിനായി ഒരുങ്ങുന്നത്. റയൽ മാഡ്രിഡിനെതിരായ മത്സരം ഉണ്ടായതു കൊണ്ടല്ല, ഫിറ്റ്നസ് പൂർണമായും വീണ്ടു കിട്ടാൻ വേണ്ടിയാണ് ഞങ്ങൾ ഫാറ്റിയെ സംരക്ഷിക്കുന്നത്. പരിക്കുകളും മറ്റും മൂലം ഈ സ്‌ക്വാഡാണ് അനൗൺസ് ചെയ്‌തിരിക്കുന്നത്‌. ടീമിൽ മത്സരം വേണമെന്ന ആഗ്രഹമുണ്ടെങ്കിലും ഒരുപാട് പേരിൽ നിന്നും തിരഞ്ഞെടുക്കാൻ എനിക്ക് അവസരമില്ല."

കരാർ പുതുക്കാതിരിക്കുന്ന ഡെംബലെ ഇനി ബാഴ്‌സലോണക്കു വേണ്ടി കളിക്കാനിറങ്ങില്ലെന്ന വാദങ്ങളെ സാവി നിരാകരിച്ചു. കഴിഞ്ഞ മത്സരത്തിന് ട്രെയിനിങ് പോലും ഇല്ലാതെയാണ് താരം ഇറങ്ങിയതെന്നും എന്നിട്ടും വലിയ വ്യത്യാസം സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്നും പറഞ്ഞ ഡെംബലെ സ്‌ക്വാഡിന്റെ ഭാഗമാണെന്നും ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.