ബാഴ്സയുടെ വിജയം ഭാവിയിലേക്കുള്ളത്, ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്നു സാവി


റയൽ സോസിഡാഡിന്റെ മൈതാനത്തു നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്സലോണ പൊരുതി നേടിയ ഒരു ഗോളിന്റെ വിജയം ക്ലബിന്റെ ഭാവിയിലേക്കുള്ളതാണെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. വിജയം നേടിയെങ്കിലും ക്ലബിന്റെ പ്രകടനം മോശമായിരുന്നുവെന്നും ഇനിയും മെച്ചപ്പെടേണ്ടത് ടീമിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണെന്നും സാവി പറഞ്ഞു.
പതിനൊന്നാം മിനുട്ടിൽ ഫെറൻ ടോറസിന്റെ അസിസ്റ്റിൽ നിന്നും ഒബാമയങ്ങാണ് മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. അതിനു ശേഷം റയൽ സോസിഡാഡ് ബാഴ്സലോണക്ക് ഭീഷണി സൃഷ്ടിച്ചെങ്കിലും പ്രതിരോധിച്ചും മികച്ച രീതിയിൽ പൊരുതിയും കാറ്റലൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. ഇതോടെ സെവിയ്യയെയും അത്ലറ്റികോ മാഡ്രിഡിനെയും മറികടന്ന് ലീഗിൽ ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
"Crucial"
— FC Barcelona (@FCBarcelona) April 22, 2022
– Xavi on the win at Real Sociedad pic.twitter.com/agAGbgmEIv
"മൂന്നു പോയിന്റ് നേടിയതിൽ ഞാൻ സംതൃപ്തനാണ്. ടീമിന്റെയും ക്ലബ്ബിന്റെയും ഭാവിയിലേക്ക് നിർണായകമായ വിജയമായിരുന്നു അത്. പക്ഷെ കളിയിൽ ഞാൻ തൃപ്തനല്ല. രണ്ടാം പകുതിയിൽ ഞങ്ങൾ ബുദ്ധിമുട്ടി. ഞങ്ങൾ ആത്മവിമർശനവും ആത്മാർത്ഥതയും കാണിക്കണം. ഞങ്ങൾ നന്നായി കളിച്ചില്ല, ഇനിയും മെച്ചപ്പെടാനുമുണ്ട്." മത്സരത്തിനു ശേഷം സാവി പറഞ്ഞു.
മത്സരത്തിൽ ബാഴ്സലോണ ഒരു ഗോൾ നേടിയതിനു ശേഷം റയൽ സോസിഡാഡ് വളരെയധികം ഭീഷണി ഉയർത്തിയിരുന്നു. അതേസമയം ഗോൾ നേടിയ ഒരേയൊരു ഷോട്ട് മാത്രമേ ബാഴ്സലോണക്ക് ലക്ഷ്യത്തിലേക്ക് പായിക്കാൻ കഴിഞ്ഞുള്ളൂ. ബാഴ്സലോണ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം നടന്ന ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ഇതും വിയ്യാറയലിനെതിരെ നടന്നതുമാണെന്ന് സാവി കൂട്ടിച്ചേർത്തു.
മത്സരത്തിൽ പരിക്കിന്റെ പ്രശ്നങ്ങളും ബാഴ്സലോണയെ അലട്ടിയിരുന്നു. അറോഹോ, ഡാനി അൽവസ്, പിക്വ, ജോർഡി ആൽബ എന്നിവരെല്ലാം മത്സരത്തിനിടെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. അറോഹോ, ആൽവസ്, പിക്വ എന്നിവരെ പിൻവലിക്കുകയും ചെയ്തു. ടീമിന്റെ ശൈലിയിൽ മാറ്റം വരുത്തിയതു കൊണ്ടാണ് ഇതു സംഭവിച്ചതെന്നും എങ്കിലും താരങ്ങളുടെ അധ്വാനം ഗംഭീരമായിരുന്നുവെന്നും സാവി പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.