മൈതാനം മികച്ചതായിരുന്നില്ല, മത്സരം പ്രതീക്ഷിച്ചതിലും കടുപ്പവും; സമനില നേടിയതിൽ തൃപ്‌തിയുണ്ടെന്ന് സാവി

Xavi Satisfied With Barcelona's Draw Against Eintracht Frankfurt
Xavi Satisfied With Barcelona's Draw Against Eintracht Frankfurt / Quality Sport Images/GettyImages
facebooktwitterreddit

ജർമൻ ക്ലബായ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടിനെതിരെ നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടം പ്രതീക്ഷിച്ചതിനേക്കാൾ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ സമനില നേടാൻ കഴിഞ്ഞതിൽ വളരെ സംതൃപ്‌തിയുണ്ടെന്നും ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. ഇന്നലെ ജർമൻ ക്ലബിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായി പോയതിനു ശേഷമാണ് ബാഴ്‌സലോണ ഫെറൻ ടോറസിലൂടെ സമനില നേടിയത്.

നിരവധി മത്സരങ്ങളായി പരാജയം അറിയാതെ മുന്നേറുന്ന ബാഴ്‌സലോണയെ സ്വന്തം മൈതാനത്ത് വിറപ്പിക്കാൻ ജർമൻ ക്ലബിനു കഴിഞ്ഞിരുന്നു. ബാഴ്‌സലോണയുടെ ഒഴുക്കുള്ള പാസിംഗ് ഗെയിമിനെ തടയാൻ കഴിഞ്ഞ അവർ പ്രത്യാക്രമണങ്ങളിലൂടെയും വേഗമേറിയ നീക്കങ്ങളിലൂടെയും നിരന്തരം തലവേദന സൃഷ്‌ടിക്കുകയും ഒരു ഗോളിന് മുന്നിലെത്തുകയും ചെയ്‌തു. എന്നാൽ രണ്ടാം പകുതിയിൽ ഡെംബലെ, ഫ്രാങ്കീ ഡി ജോംഗ് എന്നിവരെ സാവി കളത്തിലിറക്കിയതിനു പിന്നാലെ ബാഴ്‌സലോണ സമനിലഗോൾ നേടുകയായിരുന്നു.

"പ്രത്യാക്രമണങ്ങളിലൂടെ അവരൊരു ബുദ്ധിമുട്ടേറിയ എതിരാളി ആണെന്ന് തെളിയിച്ചു. അവർ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടു സൃഷ്‌ടിച്ചു, ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ അധികം. അതു സത്യമാണ്. മൈതാനവും വളരെ നല്ല അവസ്ഥയിൽ ആയിരുന്നില്ല. അവർ മധ്യനിരയിൽ കൂടുതൽ പ്രസ്സ് ചെയ്‌തു കളിച്ചതു കൊണ്ട് ഞങ്ങൾക്ക് സാധാരത്തെക്കാൾ കുറവ് അവസരങ്ങളെ സൃഷ്‌ടിക്കാൻ കഴിഞ്ഞുള്ളൂ."സാവി മാധ്യമങ്ങളോട് പറഞ്ഞു.

"ക്യാമ്പ് നൂ എതിരാളികൾക്കൊരു പ്രെഷർ കുക്കർ പോലെയാണ്, ഈ മൈതാനം ഞങ്ങൾക്കുണ്ടായിരുന്നതു പോലെ തന്നെ. മത്സരഫലത്തിൽ ഞങ്ങൾ തൃപ്‌തരാണ്. ആ ഗോൾ മികച്ചതായിരുന്നു, ഒസ്മാനെ, ഫ്രങ്കീ, ഫെറൻ ടോറസ് എന്നിവരുടെ പ്രതിഭ അതിൽ കണ്ടു. വളരെ ബുദ്ധിമുട്ടേറിയ സ്റ്റേഡിയവും എതിരാളികളും ആയിരുന്നതിനാൽ മത്സരഫലത്തിൽ ഞാൻ തൃപ്‌തനാണ്." സാവി വ്യക്തമാക്കി.

ഇന്നലത്തെ മത്സരത്തിൽ സമനില വഴങ്ങിയതോടെ തുടർച്ചയായ പതിനാലാമത്തെ മത്സരത്തിലാണ് ബാഴ്‌സലോണ തോൽവി അറിയാതെ മുന്നേറുന്നത്. ലീഗിലെ അടുത്ത മത്സരത്തിൽ ലെവാന്റയെ നേരിടുന്ന ബാഴ്‌സലോണ അതിനു ശേഷമാണ് ക്യാമ്പ് നൂവിൽ വെച്ച് ജർമൻ ക്ലബുമായി രണ്ടാംപാദ മത്സരം കളിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.