Football in Malayalam

റയലിനെതിരെ ബാഴ്‌സലോണ ആധിപത്യം പുലർത്തി, എൽ ക്ലാസിക്കോ തോൽവിയിലും ടീമിന്റെ പ്രകടനത്തിൽ തൃപ്‌തനായി സാവി

Sreejith N
Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

വളരെയധികം ആവേശം നിറഞ്ഞ സ്‌പാനിഷ്‌ സൂപ്പർകപ്പ് സെമി ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടങ്ങേണ്ടി വന്നെങ്കിലും ബാഴ്‌സലോണയുടെ പ്രകടനത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. പല സമയത്തും ബാഴ്‌സലോണ റയലിനേക്കാൾ ആധിപത്യം പുലർത്തിയെന്നും ക്ലബ് ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനീഷ്യസ്, ബെൻസിമ എന്നിവരിലൂടെ രണ്ടു തവണ റയൽ മാഡ്രിഡ് മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ലൂക്ക് ഡി ജോംഗ്, അൻസു ഫാറ്റി എന്നിവർ നേടിയ ഗോളുകളിലൂടെ ബാഴ്‌സലോണ ഒപ്പമെത്തിയിരുന്നു. തൊണ്ണൂറു മിനുട്ട് പൂർത്തിയായപ്പോൾ 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ ഫെഡെ വാൽവെർദെയാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ കണ്ടെത്തുന്നത്.

"പന്തടക്കത്തിൽ വളരെ ഉത്തരവാദിത്വം പുലർത്തേണ്ട ദിവസമായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ഞങ്ങൾ തോറ്റെങ്കിലും വളരെ ഉയർന്ന തോതിൽ മനോവീര്യം കാണിച്ചു. ഞങ്ങൾ തൊണ്ണൂറു മിനുട്ടും കളിച്ചു, റയൽ മാഡ്രിഡിനു വന്ന പരിവർത്തനങ്ങളാണ് ഞങ്ങളുടെ നഷ്‌ടമായത്‌. പല സമയത്തും ഞങ്ങൾ റയൽ മാഡ്രിഡിനെക്കാൾ മുൻപിലായിരുന്നു. തോൽവി ഞങ്ങളുടെ മനോവീര്യത്തെ ബാധിക്കുമെങ്കിലും ഇതൊരു പ്രധാന വഴിത്തിരിവാണ്." സാവി പറഞ്ഞു.

"പല സമയത്തും ഞങ്ങൾ 3-3 എന്ന നിലയിലെത്തിയിരുന്നു. 4-2 എന്ന സ്കോറിലെത്താൻ അവർക്കും അവസരം ഉണ്ടായി. അതൊരു നാണക്കേടും ദേഷ്യമുണ്ടാക്കുന്ന കാര്യവുമാണെങ്കിലും ഞങ്ങൾ കളിച്ച മത്സരത്തിൽ വളരെ അഭിമാനമുണ്ട്."

"പല ഘട്ടങ്ങളിലും ഞങ്ങൾ ആധിപത്യം സ്ഥാപിച്ചു. പ്രത്യാക്രമണം തടുക്കുന്നതിൽ ടീമിനുള്ള പോരായ്‌മ ഞങ്ങൾ ചർച്ച ചെയ്‌തിരുന്നു എങ്കിലും ഞങ്ങൾ വരുത്തിയ പിഴവുകൾ തന്നെയാണ് അവർ മുതലാക്കിയത്. മത്സരഫലത്തിൽ ദുഖമുണ്ടെങ്കിലും ഞങ്ങൾ ഇവിടം വിടുന്നത് അഭിമാനത്തോടെയാണ്."

"മത്സരം തോറ്റതിൽ വളരെയധികം നിരാശ തോന്നുന്നുണ്ടെങ്കിലും ഞങ്ങളുടെ കളിയിലും എതിരാളികൾക്ക് മേൽ പുലർത്തിയ ആധിപത്യത്തിലും വളരെ സന്തോഷമുണ്ട്. ഉത്തരവാദിത്വവും ക്ഷമയും ഞങ്ങൾക്ക് കൈമോശം വന്നു. രണ്ടു മാസമായി, ഞങ്ങൾ ശരിയായ പാതയിൽ തന്നെയാണ്. മുന്നിലേക്കെത്താൻ ഒരു വഴിത്തിരിവ് ഞങ്ങൾക്ക് ആവശ്യമായിരുന്നു." സാവി പറഞ്ഞു.

തന്റെ എല്ലാ കളിക്കാരും ആത്മാർത്ഥമായ പ്രകടനം മത്സരത്തിൽ നടത്തിയെന്നു പറഞ്ഞ സാവി ലീഗിൽ റയൽ മാഡ്രിഡ് 17 പോയിന്റ് മുന്നിലാണെന്നത് മത്സരത്തിൽ കണ്ടില്ലെന്നു പറഞ്ഞു. ബാഴ്‌സലോണയും ഫൈനൽ കളിക്കാൻ അർഹരാണെന്നു പറഞ്ഞ അദ്ദേഹം റയലിനും അതെ തോന്നൽ ഉണ്ടായിട്ടുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit