"നിങ്ങളിൽ തന്നെ വിശ്വസിക്കുക"- ബാഴ്സലോണ പരിശീലകനായതിനു പിന്നാലെ ടീമിലെ താരങ്ങൾക്ക് സാവിയുടെ സന്ദേശം


ബാഴ്സലോണ പരിശീലകനെന്ന നിലയിലുള്ള തന്റെ ജീവിതം സാവി നവംബർ 9 മുതൽ ആരംഭിച്ചിരിക്കെ ടീമിന്റെ ആരാധകർ വളരെയധികം പ്രതീക്ഷയിലാണ്. കളിക്കാരനെന്ന നിലയിൽ കാറ്റലൻ ക്ലബിന് ഒട്ടനവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തിട്ടുള്ള സാവി പരിശീലകനായും ആ നേട്ടം ആവർത്തിക്കുമെന്നും ക്ലബ് നിലവിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു.
ഇന്റർനാഷണൽ ബ്രേക്കിനായി ടീമിലെ പ്രധാന താരങ്ങളെല്ലാം പോയെങ്കിലും ബാക്കിയുള്ള കളിക്കാരെ വെച്ച് ഇന്നലെ സാവി ട്രെയിനിങ് ആരംഭിച്ചിരുന്നു. അതിനിടയിൽ താരങ്ങൾക്ക് പ്രചോദനം നൽകുന്ന വാക്കുകളുമായെത്തിയ അദ്ദേഹം സെൽറ്റ വിഗോക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ മൂന്നു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം ബാഴ്സ സമനില വഴങ്ങിയതിനെയും പരാമർശിച്ചു.
He was critical of the attitude shown in the draw away at Celta.https://t.co/m8CqNafmaY
— MARCA in English (@MARCAinENGLISH) November 9, 2021
"നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കണം. സെൽറ്റക്കെതിരെ സംഭവിച്ചത് ഒരിക്കലും നിങ്ങൾക്ക് സംഭവിക്കാൻ പാടില്ല. നിങ്ങൾ എല്ലായിപ്പോഴും ശ്രദ്ധയോടെയിരിക്കണം. ഹാഫ് ടൈമിൽ മൂന്നു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം ഒരിക്കലും സമനില വഴങ്ങാൻ കഴിയില്ല." സാവി താരങ്ങളോട് പറഞ്ഞു.
ബാഴ്സ പോലെയൊരു ക്ലബിൽ കളിക്കുന്നതിന്റെ അഭിമാനവും എല്ലായിപ്പോഴും പൊരുതേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ച സാവി ഡ്രസിങ് റൂമിലെ നിയമങ്ങളും വെളിപ്പെടുത്തി. സമയനിഷ്ഠ, രാവിലത്തേയും ഉച്ചക്കുമുള്ള ഭക്ഷണം ഒരുമിച്ച് കഴിച്ച് ടീമിന്റെ ഒത്തിണക്കം വർധിപ്പിക്കുക, ഒരു ഫുട്ബോളറുടെ ജീവിതരീതി പിന്തുടരുക എന്നതെല്ലാം അതിൽ ഉൾപ്പെടുന്നു.
പരിക്കേറ്റ പിക്വ, ഡെംബലെ, ഗാർസിയ, ഫാറ്റി, ബ്രൈത്ത് വൈറ്റ് തുടങ്ങിയ താരങ്ങളെല്ലാം സന്നിഹിതരായിരുന്ന സെഷനിൽ ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ടയും സംസാരിച്ചു. ലീഗ് ഇനിയും കൈവിട്ടു പോയിട്ടില്ലെന്നും സാധ്യമായ എല്ലാ കിരീടങ്ങൾക്കും ബാഴ്സലോണ പൊരുതുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.