സാവിയുടെ വരവ് വൈകിയേക്കും, ബാഴ്സലോണ സ്വീകരിക്കുന്ന നിലപാടുകളിൽ അതൃപ്തരായി ഖത്തർ ക്ലബ് അൽ സദ്ദ്


ബാഴ്സലോണ പരിശീലകനായി സാവി ചുമതല ഏറ്റെടുക്കുന്നത് വൈകാൻ സാധ്യത. ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട സാവിയെ എത്രയും വേഗത്തിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ പരിശീലകനായ ഖത്തർ ക്ലബ് അൽ സദ്ദാണ് അതിനു വിലങ്ങുതടിയായി നിൽക്കുന്നത്.
സാവിക്കും ബാഴ്സക്കും കരാർ എത്രയും വേഗം പൂർത്തിയാക്കണം എന്ന ആഗ്രഹമാണ് ഉള്ളതെങ്കിലും അൽ സദ്ദ് താരത്തെ വിട്ടു നൽകുന്നതിൽ വിമുഖത കാണിക്കുകയാണ്. ഇതിനു പുറമെ കരാർ ഒപ്പിടുന്നതിനു മുൻപേ തന്നെ സാവി ബാഴ്സയിൽ എത്തിയതു പോലെ കണക്കാക്കപ്പെടുന്നത് ഖത്തർ ക്ലബ് നേതൃത്വത്തെ രോഷം കൊള്ളിക്കുന്നുണ്ട്.
Al Sadd media officer Ahmed Al Ansari on the Xavi situation:
— Footy Accumulators (@FootyAccums) October 30, 2021
“There is no official offer on the table from any party. Any club that has a bit of professionalism is supposed to negotiate with the other side if it wants a player or coach who is under contract”
Barca are a joke ? pic.twitter.com/lb1eGCzugu
ഇതുവരേക്കും സാവിയെ സ്വന്തമാക്കുന്നതിനു വേണ്ടി അൽ സദ്ദ് ക്ലബ്ബിനെ ആരും സമീപിച്ചിട്ടില്ലെന്നാണ് സ്പാനിഷ് മാധ്യമം മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാവിയുടെ അൽ സദ്ദ് കരാറിൽ ബാഴ്സലോണയുമായി ബന്ധപ്പെട്ട ഉടമ്പടി ഉണ്ടെങ്കിലും താരത്തെ ക്ലബിലെത്തിക്കാൻ ഖത്തർ ക്ലബുമായി നീണ്ട ചർച്ചകൾ നടത്തേണ്ടി വരുമെന്നുറപ്പാണ്.
അതേസമയം ബാഴ്സലോണക്ക് ഒരു താക്കീതെന്ന പോലെയാണ് സാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ അൽ സദ്ദ് പ്രതികരണം അറിയിച്ചത്. സാവിക്ക് ക്ലബുമായി രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ടെന്നും അദ്ദേഹം അടുത്ത മത്സരത്തിലും ലീഗ് കിരീടം നിലനിർത്തുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നുമാണ് ട്വിറ്ററിലൂടെ അൽ സദ്ദ് വ്യക്തമാക്കിയത്.
അൽ സദ്ദിന്റെ മീഡിയ ഓഫീസറായ അഹ്മദ് അൽ അൻസാരിയും ബാഴ്സയുടെ നിലപാടുകളിൽ അതൃപ്തി അറിയിച്ചിരുന്നു. കുറച്ചെങ്കിലും പ്രൊഫെഷനലിസം പുലർത്തുന്ന ക്ലബാണെങ്കിൽ കരാറുള്ള കളിക്കാരനെയോ കൊച്ചിനെയോ വേണമെങ്കിൽ നേരിട്ടു സമീപിക്കണം എന്നാണു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
അൽ സദ്ദിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ഇല്ലെന്നുമാണ് അഭ്യൂഹങ്ങളിൽ സാവി പ്രതികരിച്ചത്. അതേസമയം സാവകാശം മുന്നോട്ടു നീങ്ങുന്ന ബാഴ്സലോണ കരാർ ഉറപ്പിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണുള്ളത്.