മയോർക്കയെ കീഴടക്കി ബാഴ്‌സലോണ ടോപ് ഫോറിനരികെ, രണ്ടു താരങ്ങളെ പ്രത്യേകം പ്രശംസിച്ച് സാവി

Sreejith N
RCD Mallorca v FC Barcelona - La Liga Santander
RCD Mallorca v FC Barcelona - La Liga Santander / Rafa Babot/GettyImages
facebooktwitterreddit

പരിക്കും കോവിഡ് അണുബാധയും സസ്‌പെൻഷനും മൂലം ഒമ്പതോളം ബി ടീം താരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്തി കളിക്കേണ്ടി വന്നെങ്കിലും മയോർക്കക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയം നേടി ടോപ് ഫോറെന്ന ലക്ഷ്യത്തിലേക്ക് ബാഴ്‌സലോണ അടുക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ലൂക്ക് ഡി ജോംഗ് നേടിയ ഒരേയൊരു ഗോളിൽ നേടിയ വിജയത്തോടെ ലാ ലിഗ ടേബിളിൽ അത്ലറ്റികോ മാഡ്രിഡുമായി ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്.

"ഈ വിജയം വളരെ വിലമതിക്കുന്നതാണ്. ഞങ്ങളൊരു ടീമാണെന്നാണ് ഇതിനർത്ഥം,ഒരു കുടുംബം, ഒറ്റക്കെട്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾ അനുഭവിച്ചു. പക്ഷെ മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ ഒരു മനോഹരമായ സേവിലൂടെ ഞങ്ങളെ രക്ഷിച്ചു. താരത്തിനും ഇങ്ങിനെയൊരു പ്രകടനം ആവശ്യമായിരുന്നു. ഞങ്ങൾക്ക് പതിനേഴു താരങ്ങളെയാണ് നഷ്‌ടമായത്‌, അതിനാൽ ഞാൻ മത്സരം സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവരത് കേൾക്കാൻ തയ്യാറായില്ല." സാവി മത്സരത്തിനു ശേഷം പറഞ്ഞു.

"എന്നാൽ ഞങ്ങളുടെ ഗ്രൂപ്പ് അതിനു മുകളിലെത്തി. ചാമ്പ്യൻസ് ലീഗിലേക്ക് ഒരു പോയിന്റ് മാത്രമാണ് അകലം, ഞങ്ങൾ ആ വിടവ് അടച്ചു കൊണ്ടിരിക്കുന്നു. വളരെ നിർണായകമായ മൂന്നു പോയിന്റുകളാണിത്. ഇതു സുവർണ നേട്ടമാണ്. ഞങ്ങൾ ലക്ഷ്യത്തിനു വളരെ അടുത്താണ്. ചാമ്പ്യൻസ് ലീഗ് പൊസിഷന്റെ വളരെയടുത്ത്. ടീമിന്റെ പ്രകടനത്തിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്."

"പ്രത്യേകിച്ചും ലുക്ക്, മാർക്ക് എന്നിവരിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അവർ രണ്ടു പേരും വളരെ മികച്ച പ്രൊഫെഷണൽ താരങ്ങളാണ്. അടുത്ത മത്സരത്തിൽ ചില പരിക്കിൽ നിന്നും കോവിഡ് അണുബാധയിൽ നിന്നും മുക്തരായ ചില താരങ്ങൾ കൂടിയെത്തും. ജോർദി ആൽബ, ഡാനി ആൽവസ് എന്നിവരെ പോലെയുള്ള ചില താരങ്ങൾ." സാവി പറഞ്ഞു.

മത്സരത്തിൽ ഒരു ഗോൾ നേടിയതിനു പുറമെ രണ്ടു തവണയാണ് ലുക്ക് ഡി ജോങിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പോയത്. മറുവശത്ത് മയോർക്കയുടെ മുന്നേറ്റനിരയുടെ നീക്കങ്ങൾ വിഫലമാക്കി ടെർ സ്റ്റീഗനും ജെറാർഡ് പിക്വയും മികച്ച കളി കാഴ്‌ച വെക്കുകയുണ്ടായി. നിരവധി താരങ്ങളെ നഷ്‌ടമായിട്ടും എവേ മത്സരത്തിൽ നേടിയ ഈ വിജയം ബാഴ്‌സലോണക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നൽകുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit