ഹാലൻഡ് ട്രാൻസ്ഫറിൽ നിന്നും ബാഴ്സലോണ പുറകോട്ടു പോയതിന്റെ കാരണം വ്യക്തമാക്കി സാവി ഹെർണാണ്ടസ്


ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർസ്ട്രൈക്കറായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്സലോണക്കു കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പരിശീലകൻ സാവി ഹെർണാണ്ടസ്. സാവി പരിശീലകനായി എത്തിയതിനു ശേഷം എർലിങ് ഹാലൻഡിനെ അടുത്ത സീസണിലേക്ക് സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പിന്നീട് അവരതിൽ നിന്നും പുറകോട്ടു പോവുകയായിരുന്നു.
"ഇപ്പോഴത്തെ സാമ്പത്തികസാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അതു വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. എനിക്ക് നുണ പറയാനാവില്ല, അതാണ് യാഥാർഥ്യം." സെൽറ്റ വിഗോക്കെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ സാവി പറഞ്ഞു.
As it looks increasingly like that @ManCity will tie up a deal for @ErlingHaaland in the coming days, Xavi has confirmed that @FCBarcelona are no longer in the race for the @BlackYellow man.https://t.co/RXSr013cYj
— ESPN Asia (@ESPNAsia) May 10, 2022
"ഇത് പണവുമായി ബന്ധപ്പെട്ട കാര്യം മാത്രമാണെന്നും ഞാൻ പറയില്ല. ഞാൻ മറ്റു ക്ലബുകളുടെ സ്പോർട്ടിങ് പ്രോജെക്റ്റിനെ അവമതിക്കാൻ പോകുന്നില്ല. ഞങ്ങൾ മാത്രമല്ല മികച്ച പ്രോജെക്റ്റുള്ള ക്ലബ്. സിറ്റി നിരവധി കിരീടങ്ങൾ വിജയിക്കുകയും ടോപ് ലെവലിൽ മത്സരിക്കുകയും ചെയ്യുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ചോദിക്കുമ്പോൾ അത് സാമ്പത്തികമായ പ്രശ്നങ്ങൾ തന്നെയാണ്." സാവി വ്യക്തമാക്കി.
ബാഴ്സലോണ എല്ലാ സീസണിലും പുതിയ താരങ്ങളെ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നു പറഞ്ഞ സാവി പുതിയ താരങ്ങൾ എത്തണമെങ്കിൽ നിലവിലെ താരങ്ങളെ ഒഴിവാക്കണം എന്നതിനാൽ അത് സങ്കീർണമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സാവി പറഞ്ഞു.
അതേസമയം എർലിങ് ഹാലൻഡ് അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുമെന്നു തീർച്ചയായിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കിയ താരത്തിന്റെ റിലീസിംഗ് ക്ലോസ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈയാഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.