Football in Malayalam

'ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാനുള്ള അവസരം താൻ വേണ്ടെന്ന് വെച്ചു'; വെളിപ്പെടുത്തലുമായി സാവി

By Gokul Manthara
Xavi Hernandez Unveiled As New FC Barcelona FC Head Coach
Xavi Hernandez Unveiled As New FC Barcelona FC Head Coach / David Ramos/GettyImages
facebooktwitterreddit

ബ്രസീൽ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം തനിക്ക് മുന്നിൽ വന്നിരുന്നുവെന്നും എന്നാൽ താനത്‌ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും സാവി ഹെർണാണ്ടസ്. ബാഴ്സലോണയുടെ പുതിയ പരിശീലകനായി അവതരിപ്പിക്കപ്പെട്ടതിന് ശേഷം സംസാരിക്കവെയായിരുന്നു ടിറ്റെയുടെ പിൻഗാമിയായി ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരം താൻ നിരസിച്ചതായി സാവി വെളിപ്പെടുത്തിയത്.

അടുത്ത ലോകകപ്പ് വരെ ടിറ്റെക്കൊപ്പം ബ്രസീലിന്റെ പരിശീലക സംഘത്തിൽ പ്രവർത്തിക്കാനും ലോകകപ്പിന് ശേഷം ടിറ്റെയിൽ നിന്ന് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുമുള്ള അവസരമായിരുന്നു സാവിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ബാഴ്സലോണയുടെ പരിശീലകനാവുന്നത് സ്വപ്നം കണ്ടിരുന്ന സാവി ബ്രസീലിന്റെ ഈ ഓഫർ നിരസിക്കുകയായിരുന്നു. ആ സമയം ഖത്തർ ക്ലബ്ബായ അൽസദ്ദിന്റെ പരിശീലകനായിരുന്ന അദ്ദേഹം ബാഴ്സലോണയിൽ നിന്ന് വിളി‌ വരുന്നത് വരെ അവിടെ തുടരാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.

"ഞാൻ ബ്രസീലുമായി സംസാരിച്ചുവെന്നത് ശരിയാണ്. ടിറ്റെയെ സഹായിക്കുകയും, ലോകകപ്പിന് ശേഷം ടീമിനെ ഏറ്റെടുക്കുക എന്നതുമായിരുന്നു പദ്ധതി. ബാഴ്സലോണയിലേക്ക് വരുക എന്നതായിരുന്നു എന്റെ സ്വപ്നം. ഞാൻ തയ്യാറാണെന്ന് എനിക്ക് തോന്നി, ആത്മവിശ്വാസവുമുണ്ട്. ഇതാണ് പറ്റിയ നിമിഷമെന്ന് ഞാൻ കരുതി." സാവി പറഞ്ഞു നിർത്തി.

അതേ സമയം സീസണിലെ മോശം പ്രകടനങ്ങളെത്തുടർന്ന് പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന് പകരം ബാഴ്സലോണയുടെ പുതിയ പരിശീലകനായി നിയമിതനായ സാവിയെ ഇന്നലെയാണ് ക്ലബ്ബ്, ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്‌. ന്യൂകാമ്പിൽ 25000 ലധികം വരുന്ന ആരാധകർക്ക് മുൻപിലാണ് സാവി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റത്. 2023-24 സീസൺ അവസാനം വരെയുള്ള കരാറാണ് സാവി കറ്റാലൻ ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്.

facebooktwitterreddit