ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമോ, സാവിയുടെ മറുപടിയിങ്ങിനെ


വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിര താരമായ ഫ്രാങ്കീ ഡി ജോംഗ് ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പൂർണമായും തള്ളിക്കളയാതെ സാവി ഹെർണാണ്ടസ്. ബാഴ്സലോണക്ക് വളരെ പ്രധാനപ്പെട്ട താരമാണ് ഫ്രാങ്കിയെന്നു പറഞ്ഞ അദ്ദേഹം പക്ഷെ ക്ലബിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും വ്യക്തമാക്കി.
അയാക്സിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയ ഫ്രാങ്കീ ഡി ജോംഗ് ഈ സീസണു ശേഷം ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അടുത്ത സീസണിൽ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തുമെന്നു സ്ഥിരീകരിക്കപ്പെട്ടതോടെ അഭ്യൂഹങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സാവി പ്രതികരണം അറിയിച്ചത്.
Barça manager Xavi on Manchester United and Frenkie de Jong: “I have said many times that Frenkie is very important. He’s key player”. ? #FCB
— Fabrizio Romano (@FabrizioRomano) May 14, 2022
“…then there is also the financial situation of the club and it has to be decided. I'm not talking about Frenkie, in general”. #MUFC pic.twitter.com/dibtbSaNx8
"വളരെ പ്രധാനപ്പെട്ട കളിക്കാരനാണ് ഡി ജോംഗ്. എന്റെ കൂടെയുള്ളപ്പോൾ മിക്ക സമയത്തും താരം ആദ്യ ഇലവനിൽ തന്നെ കളിച്ചിരുന്നു. പക്ഷെ ക്ലബിന്റെ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ചു കൂടി തീരുമാനമാകേണ്ടതുണ്ട്. ഞാൻ ഫ്രാങ്കിയെക്കുറിച്ചല്ല, പൊതുവായാണ് പറയുന്നത്." മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ സമ്മറിൽ മെസി, ഗ്രീസ്മൻ തുടങ്ങി നിരവധി താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കേണ്ടി വന്ന ബാഴ്സലോണക്ക് അടുത്ത സീസണു മുന്നോടിയായി പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ നിലവിലുള്ള കളിക്കാരെ വിൽക്കാതെ വഴിയില്ല. ടീമിൽ ഏറ്റവുമധികം തുക ലഭിക്കാൻ സാധ്യതയുള്ള താരമായതിനാൽ ഫ്രാങ്കിയെ വിൽക്കാൻ സാധ്യതയുമുണ്ട്.
അതേസമയം സിവിസി കരാർ അടക്കം ക്ലബ്ബിലേക്ക് ഫണ്ടുകൾ എത്തിക്കാനുള്ള വഴികൾ ബാഴ്സലോണ നോക്കുന്നുണ്ട്. അതിൽ കൃത്യമായി വിജയം കണ്ടാൽ ഡി ജോംഗ് ബാഴ്സയിൽ തന്ന തുടർന്നേക്കും. അതിൽ വിജയം കണ്ടില്ലെങ്കിൽ ഡി ജോംഗ് ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ തന്നെയാണ് ഇപ്പോൾ ശക്തമായുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.