Football in Malayalam

അൽ സാദിനൊപ്പം തുടരാൻ സാവി വേണ്ടെന്നു വെച്ചത് ബ്രസീലിയൻ ദേശീയ ടീമടക്കം രണ്ടു വമ്പൻ ഓഫറുകൾ

Sreejith N
Monterrey v Al-Sadd Sports Club - FIFA Club World Cup Qatar 2019
Monterrey v Al-Sadd Sports Club - FIFA Club World Cup Qatar 2019 / Etsuo Hara/Getty Images
facebooktwitterreddit

ബാഴ്‌സലോണ ഇതിഹാസതാരമായ സാവി അടുത്തിടെ ഖത്തർ ക്ലബായ അൽ സാദുമായി കരാർ പുതുക്കിയത് ബ്രസീലിയൻ ദേശീയ ടീമടക്കമുള്ള രണ്ടു വമ്പൻ ഓഫറുകൾ വേണ്ടെന്നു വെച്ചിട്ടാണെന്നു റിപ്പോർട്ടുകൾ. കരിയറിന്റെ അവസാന കാലഘട്ടത്തിൽ അൽ സാദിനു വേണ്ടി കളിച്ച് അതിനു ശേഷം ടീമിന്റെ പരിശീലകനായി മാറിയ സാവി സ്ഥാനമേറ്റെടുത്തതിനു ശേഷം ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കുകയും മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഈ സീസണു ശേഷം ബാഴ്‌സലോണ പരിശീലക സ്ഥാനത്തു നിന്നും കൂമാൻ ഒഴിവാക്കപ്പെടുമ്പോൾ പകരക്കാരനായി സാവിയെത്താനുള്ള സാധ്യത നിലനിൽക്കെയാണ് സ്‌പാനിഷ്‌ ഇതിഹാസം വേണ്ടെന്നു വെച്ച ഓഫറുകളെക്കുറിച്ച് സ്‌പാനിഷ്‌ മാധ്യമമായ എഎസ് വെളിപ്പെടുത്തിയത്. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ സാവിയെ ബന്ധപ്പെട്ടതിനു പുറമെ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടാണ് അദ്ദേഹത്തിനു വേണ്ടി ഓഫർ മുന്നോട്ടു വെച്ചത്.

ലൂസിയൻ ഫാവ്റേയെ പുറത്താക്കിയതിനു ശേഷം പരിചയസമ്പത്തു കുറഞ്ഞ എഡിൻ ടെർസിക്കാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ താൽക്കാലിക പരിശീലകനായി സേവനമനുഷ്ഠിക്കുന്നത്. യർഗൻ ക്ളോപ്പ്, തോമസ് ടുഷെൽ എന്നിങ്ങനെ ആക്രമണശൈലിയിൽ വിശ്വസിക്കുന്ന പരിശീലകർ നയിച്ചിട്ടുള്ള ക്ലബിന് എല്ലാം കൊണ്ടും അനുയോജ്യനാണു സാവിയെന്നുറപ്പിച്ച ഡോർട്മുണ്ട് നേതൃത്വം മൂന്നു വർഷത്തെ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം അതു നിരസിക്കുകയായിരുന്നു.

അതേസമയം സാവിയെ തന്നെ അമ്പരപ്പിച്ചാണ് ബ്രസീലിയൻ ടീമിന്റെ വിളി വന്നതെന്ന് സ്‌പാനിഷ്‌ മാധ്യമം വ്യക്തമാക്കുന്നു. ഖത്തർ ലോകകപ്പ് വരെ നിലവിലെ പരിശീലകനായ ടിറ്റെയുടെ അസിസ്റ്റന്റായി നിന്ന് അതിനു ശേഷം ടീമിന്റെ മുഖ്യപരിശീലകനാവാനുള്ള ഓഫറായിരുന്നു ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷന്റേത്. എന്നാൽ ഓഫറിൽ സന്തോഷം പ്രകടിപ്പിച്ച സാവി അതും ബഹുമാനപൂർവം നിരസിച്ചു.

നിലവിൽ സാവിയുടെ പരിഗണനയിൽ രണ്ടു ക്ലബുകൾ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിലൊന്ന് നിലവിലെ ക്ലബായ അൽ സാദും മറ്റൊന്ന് ബാഴ്‌സലോണയുമാണ്. കൂമാന്റെ പകരക്കാരനായി എത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സ്‌പാനിഷ്‌ ഇതിഹാസം ബാഴ്‌സലോണയിൽ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്ന് ഇതു വ്യക്തമാക്കുന്നു.


facebooktwitterreddit