Football in Malayalam

പോഗ്ബയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സാവി

Sreejith N
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ നിലവിലെ പോരായ്‌മകൾ പരിഹരിച്ച് പ്രതാപകാലത്തേക്കു തിരിച്ചു വരണമെങ്കിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ചേ മതിയാകൂ എന്നതിൽ യാതൊരു സംശയവുമില്ല. ഇതിന്റെ ഭാഗമായി അടുത്ത ജനുവരി, സമ്മർ ജാലകത്തിൽ നടത്തേണ്ട ട്രാൻസ്‌ഫറുകളുമായി ബന്ധപ്പെട്ട് സൂപ്പർ ഏജന്റായ മിനോ റയോളയുമായി ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.

മിനോ റയോളയുമായുള്ള കൂടിക്കാഴ്‌ചയിൽ നാലു താരങ്ങളുടെ കാര്യമാണ് ബാഴ്‌സലോണ പ്രസിഡന്റ് പ്രധാനമായും ചർച്ച ചെയ്‌തത്‌. ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ബ്രൂട് ഹാലൻഡ്, ബാഴ്‌സലോണ അക്കാദമിയിൽ കളിച്ച് പിന്നീട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ സാവി സിമ്മൺസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബ, ആയാക്‌സ് റൈറ്റ് ബാക്ക് നൂസൈർ മസ്‌റൂയി എന്നിവരെപ്പറ്റിയാണ് ലപോർട്ട അന്വേഷിച്ചത്.

ബാഴ്‌സലോണയുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഈ ട്രാൻസ്‌ഫറുകളിൽ ഏതൊക്കെ നടക്കുമെന്ന കാര്യം സംശയം തന്നെയാണ്. അതിൽ തന്നെ ബാഴ്‌സലോണയെ സംബന്ധിച്ച് സ്വീകാര്യമാവുക ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബിൽ എത്തിക്കുകയെന്നതാണ്. എന്നാൽ പോഗ്ബയെ ബാഴ്‌സക്കു വേണ്ടെന്ന നിലപാടാണ് സാവി എടുത്തതെന്ന് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മധ്യനിരതാരമായ പോഗ്ബയെ സ്വന്തമാക്കുന്നതിനു പകരം ടീമിലെ മറ്റു പൊസിഷനുകൾ മെച്ചപ്പെടുത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നാണു സാവിയുടെ നിലപാട്. പരിശീലകൻ എതിരഭിപ്രായം രേഖപ്പെടുത്തിയതോടെ പോഗ്ബ ബാഴ്‌സയിലേക്ക് വരാനുള്ള സാധ്യതകൾ തീർത്തും മങ്ങിയെന്നും കാറ്റലൻ മാധ്യമത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം ഹാലൻഡ്, മസ്‌റൂയി എന്നിവരുടെ ട്രാൻസ്‌ഫറുകൾ യാഥാർഥ്യമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണക്ക് അതിനു കഴിയുമോയെന്ന കാര്യം കണ്ടറിയേണ്ടതു തന്നെയാണ്. മിനോ റയോളയുമായി ലപോർട്ടക്ക് മികച്ച ബന്ധമുള്ളതു മാത്രമാണ് ആരാധകരുടെ ഒരേയൊരു പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit