ബാഴ്സലോണയിൽ ശുദ്ധികലശമാരംഭിച്ച് സാവി, കൂമാൻ നിയമിച്ച രണ്ടു ഫിസിയോകൾ പുറത്ത്


ബാഴ്സയെ വിജയവഴിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുത്ത പുതിയ പരിശീലകൻ സാവിയുടെ നിർദ്ദേശപ്രകാരം ക്ലബിൽ നിന്നും രണ്ടു ഫിസിയോകൾ പുറത്താക്കപ്പെട്ടുവെന്നു റിപ്പോർട്ടുകൾ. നേരത്തെ പരിശീലകനായിരുന്ന റൊണാൾഡ് കൂമാൻ നിയമിച്ച രണ്ടു ഫിസിയോകളെയാണ് സാവി ചുമതല ഏറ്റെടുത്തയുടനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സ്പാനിഷ് മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നു.
ഈ സീസണിൽ വളരെ മോശം പ്രകടനം തുടരുന്ന ബാഴ്സക്ക് കൂടുതൽ തിരിച്ചടി നൽകി നിരവധി താരങ്ങളാണ് അടിക്കടി പരിക്കേറ്റു പുറത്തു പോകുന്നത്. ടീമിനെ ഒരുക്കിയെടുക്കാനുള്ള നീക്കങ്ങളെ ഇത് വളരെയധികം ബാധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സാവിയുടെ നിർദ്ദേശത്തിൽ ബാഴ്സലോണ ഫിസിയോ ടീമിനെ പുറത്താക്കിയെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
Xavi 'SACKS two Barcelona physios hired by Ronald Koeman' in one of his first decisions as new boss https://t.co/kPXXnVyLkM
— MailOnline Sport (@MailSport) November 9, 2021
എഎസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ഫിസിയോ ജൂവാഞ്ഞോ ബ്രൗ, ഫിസിക്കൽ ട്രെയ്നറായ ആൽബർട്ട് റോക്ക എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ഇതിൽ ആൽബർട്ട് റോക്ക ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരിക്കെ റൊണാൾഡ് കൂമാന്റെ ക്ഷണം സ്വീകരിച്ച് ബാഴ്സലോണയിൽ ചേരുകയായിരുന്നു. ബംഗളുരു എഫ്സിയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
പുറത്താക്കപ്പെട്ടവർക്കു പകരമായി ജൗമേ മുനിൽ, റിക്കാർഡ് പ്രുന എന്നിവരെയാണ് പകരക്കാരായി നിയമിക്കുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇവർ രണ്ടു പേരും മുൻപ് ബാഴ്സലോണയിൽ പ്രവർത്തിച്ചിട്ടുള്ള ആളുകളാണ്. 25 വർഷം ബാഴ്സയിൽ പ്രവർത്തിച്ചിട്ടുള്ള പ്രുനയെപ്പോലുള്ളവർ തിരിച്ചെത്തുന്നതോടെ താരങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറെയധികം പരിഹരിക്കാൻ കഴിയുമെന്ന് സാവി വിശ്വസിക്കുന്നു.
ടീമിലെ മുഴുവൻ താരങ്ങളെയും ലഭ്യമായാൽ തന്നെ ബാഴ്സക്ക് തങ്ങളുടെ നില മെച്ചപ്പെടുത്താൻ കഴിയും. ജെറാർഡ് പിക്വ, പെഡ്രി, ഒസ്മാനെ ഡെംബലെ, സെർജി റോബർട്ടോ, നിക്കോ ഗോൺസാലസ്, എറിക് ഗാർസിയ, അൻസു ഫാറ്റി, സെർജിയോ അഗ്യൂറോ, മാർട്ടിൻ ബ്രെയ്ത്ത്വൈറ്റ്, നെറ്റോ, സെർജിനോ ഡെസ്റ്റ് തുടങ്ങിയ താരങ്ങളെ ഇപ്പോൾ പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.