Football in Malayalam

തനിക്കുണ്ടായിരുന്നതിനേക്കാൾ പരിചയസമ്പത്ത് സാവിക്കുണ്ട്, ബാഴ്‌സയെ പരിശീലിപ്പിക്കാൻ അദ്ദേഹം തയ്യാറായെന്ന് ഗ്വാർഡിയോള

Sreejith N
UEFA Champions League Final - Barcelona Training
UEFA Champions League Final - Barcelona Training / Jasper Juinen/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കാൻ സാവി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് കാറ്റലൻ ക്ലബിന്റെ മുൻ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി മാനേജരുമായ പെപ് ഗ്വാർഡിയോള. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് റൊണാൾഡ്‌ കൂമാനെ പുറത്താക്കിയതിനു പിന്നാലെ പകരക്കാരനായി സാവിയെത്തുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാഴ്‌സലോണ വിട്ടതിനു ശേഷം ഖത്തർ ക്ലബായ അൽ സദ്ദിൽ കളിച്ചിരുന്ന സാവി 2019 മുതലാണ് ക്ലബിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തത്. രണ്ടു വർഷത്തിനിടെ ഏഴു കിരീടങ്ങൾ അൽ സദ്ദിനു നേടിക്കൊടുത്തെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ പരിശീലകനെന്ന നിലയിൽ സാവിക്കുള്ള പരിചയക്കുറവിനെ പലരും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്വാർഡിയോള തന്റെ അഭിപ്രായം പറഞ്ഞത്.

"എന്താണു സംഭവിക്കുകയെന്ന് എനിക്കറിയില്ലെന്ന് ആദ്യം തന്നെ പറയട്ടെ. അവർക്കൊരു താൽക്കാലിക പരിശീലകൻ നിലവിലുണ്ട്, അദ്ദേഹത്തിനു ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു," ക്രിസ്റ്റൽ പാലസിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബാഴ്‌സയുടെ താൽക്കാലിക പരിശീലകനായ സെർജി ബാർജുവാനെപ്പറ്റി ഗ്വാർഡിയോള പറഞ്ഞു.

"സാവിയുടെ വരവ് സംഭവിച്ചാൽ, അദ്ദേഹം ആ ജോലി ചെയ്യാൻ തയ്യാറെടുത്തുവെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. അദ്ദേഹത്തിനു അവിടുത്തെ അന്തരീക്ഷം നന്നായി അറിയുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ ഗെയിം അയാൾക്കറിയാം, അതിനോട് അഭിനിവേശവുമുണ്ട്."

"ഞാൻ ബാഴ്‌സ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പരിചയസമ്പത്ത് സാവിക്ക് ഇപ്പോഴുണ്ട്. സാവിയാണ് അടുത്ത പരിശീലകനെങ്കിൽ ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, പടിപടിയായി ടീമിന് തിരിച്ചുവരാൻ കഴിയുമെന്നും ഞാൻ കരുതുന്നു," ഗ്വാർഡിയോള പറഞ്ഞു.

സാവി തന്നെയാണ് അടുത്ത പരിശീലകനെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണെങ്കിലും അതേക്കുറിച്ച് താരമോ ബാഴ്‌സലോണയോ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലയണൽ മെസി അടക്കമുള്ള സൂപ്പർതാരങ്ങളില്ലാത്ത ടീമിനെ കെട്ടിപ്പൊക്കി ഉയർത്താനുള്ള വലിയ ജോലിയാണ് സാവിക്കു മുന്നിലുള്ളത്.


facebooktwitterreddit