Football in Malayalam

ബാഴ്‌സലോണ പരിശീലകനാവാൻ വിളിച്ചപ്പോൾ പരിചയസമ്പത്തുണ്ടായിരുന്നില്ല, ഇപ്പോൾ അതല്ല സ്ഥിതിയെന്ന് സാവി

Sreejith N
'Campus Xavi Hernández by Santander' Presentation In Barcelona
'Campus Xavi Hernández by Santander' Presentation In Barcelona / Miquel Benitez/GettyImages
facebooktwitterreddit

പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു വേണ്ടി ബാഴ്‌സലോണ തന്നെ സമീപിച്ച സമയത്ത് മൂന്നു മാസത്തെ പരിചയസമ്പത്തു മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന കാരണത്താലാണ് ഓഫർ നിഷേധിച്ചതെന്ന് ക്ലബിന്റെ എക്കാലത്തെയും ഇതിഹാസതാരമായ സാവി ഹെർണാണ്ടസ്. ഇന്നലെ സാവി പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബായ അൽ സാദ് അമീർ കപ്പ് ഫൈനലിൽ അൽ റയാനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കരിയറിന്റെ അവസാന കാലഘട്ടത്തിൽ അൽ സാദിനു വേണ്ടി കളിച്ച സാവി 2019ലാണ് റിട്ടയർ ചെയ്യുന്നത്. അതിനു ശേഷം അൽ സാദിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്ത അദ്ദേഹത്തെ വാൽവെർദെയെ പുറത്താക്കിയ ഒഴിവിലേക്ക് നിയമിക്കാനാണ് ബാഴ്‌സലോണ സമീപിച്ചത്. എന്നാൽ ആ സമയത്ത് ബാഴ്‌സയുടെ ഓഫർ നിഷേധിച്ച സ്‌പാനിഷ്‌ ഇതിഹാസം ഇപ്പോൾ ഏതു ടീമിനെയും പരിശീലിപ്പിക്കാൻ താൻ തയാറാണെന്നു വ്യക്തമാക്കി.

"അതെ, ഞാനിപ്പോൾ ലോകത്തിലെ ഏതൊരു ടീമിനെയും പരിശീലിപ്പിക്കാൻ തയ്യാറാണ്. ബാഴ്‌സലോണ ഓഫർ ചെയ്‌ത സമയത്ത് ഞാൻ കോച്ചായി മൂന്നു മാസം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്‌തമാണ്‌. ഇപ്പോൾ അതിനേക്കാൾ കൂടുതൽ പരിചയസമ്പത്തുള്ള ഞാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്നും മനസിലാക്കിക്കൊണ്ടിരിക്കുന്നു."

"ഖത്തറിൽ ഞാൻ വളരെ സന്തുഷ്‌ടനാണെന്ന് എല്ലാവരോടും പറയുന്നു. ഈ ടീമിനൊപ്പം വിജയങ്ങൾ നേടുകയെന്ന ആശയമാണ് എനിക്കു മുന്നിലുള്ളത്," ഫൈനലിനു മുന്നോടിയായി സാവി പറഞ്ഞു. മത്സരത്തിൽ അൽ റയാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സാവി പരിശീലിപ്പിക്കുന്ന അൽ സാദ് അമീർ കപ്പ് കിരീടം ഉയർത്തുകയും ചെയ്‌തിരുന്നു.

നാളെ എൽ ക്ലാസിക്കോ മത്സരം നടക്കാനിരിക്കെ സാവി നടത്തിയ പ്രതികരണം വളരെ പ്രധാനപ്പെട്ടതാണ്. മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനോട് ബാഴ്‌സ കനത്ത തോൽവി വഴങ്ങിയാൽ അതു കൂമാന്റെ പരിശീലക സ്ഥാനത്തിന് വീണ്ടും ഭീഷണി ഉയർത്തിയേക്കും. അങ്ങിനെ സംഭവിച്ചാൽ സാവി പരിശീലകനായി എത്താനുള്ള സാധ്യതയുണ്ട്.


facebooktwitterreddit