Football in Malayalam

ബാഴ്‌സലോണ തോൽവി അർഹിച്ചിരുന്നില്ല, ടീം മെച്ചപ്പെടേണ്ടത് എവിടെയാണെന്നു വെളിപ്പെടുത്തി സാവി

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

റയൽ ബെറ്റിസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സ തോൽവി അർഹിച്ചിരുന്നില്ലെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. രണ്ടാം പകുതിയിൽ ബാഴ്‌സലോണ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ പ്രത്യാക്രമണത്തിലൂടെയാണ് റയൽ ബെറ്റിസ്‌ മത്സരത്തിലെ ഒരേയൊരു ഗോൾ നേടി വിജയം സ്വന്തമാക്കിയത്. തന്ത്രപരമായി ടീം മെച്ചപ്പെട്ടാൽ മാത്രമേ അത്തരത്തിൽ ഗോളുകൾ വഴങ്ങുന്നത് ഒഴിവാക്കാൻ കഴിയൂവെന്നും സാവി കൂട്ടിച്ചേർത്തു.

"ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമയത്താണ് പ്രത്യാക്രമണത്തിലൂടെ ഗോൾ വന്നത്. ടീം കുറച്ചുകൂടി തന്ത്രപരമായി കളിക്കേണ്ടത് ആവശ്യമാണ്. പ്രത്യാക്രമണങ്ങളിൽ അവർ നിങ്ങളെ പിടികൂടാൻ അനുവദിക്കരുത്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ സാവി പറഞ്ഞു.

"അവരിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾക്ക് ഏതാനും നല്ല നിമിഷങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ കളിച്ചതിന് ശിക്ഷ പോലെയൊരു ഫലം ലഭിച്ചത് വളരെ കടുപ്പമേറിയ കാര്യമായി. സ്വന്തം മൈതാനത്തെ ഈ തോൽവി വേദനിപ്പിക്കുന്ന കാര്യമാണ്. ഞങ്ങൾ ഫോമിലായിരുന്നു, പക്ഷെ ഫുട്ബോൾ അങ്ങിനെയാണ്."

"ഞങ്ങൾ മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തേണ്ടതുണ്ട്. പ്രത്യാക്രമണങ്ങൾ തടയണം. ഇത്തരം സാഹചര്യങ്ങളെ പൂർണമായും നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. ഇന്നത്തെ ഫലം അർഹിച്ചതായിരുന്നില്ല. ഈ ബാഴ്‌സലോണയെ തന്നെയാണ് നമുക്കു വേണ്ടത്, പക്ഷെ ടീം ഇനിയും മെച്ചപ്പെടണം, തന്ത്രപരമായി കൂടുതൽ മികച്ചു നിൽക്കണം." സാവി പറഞ്ഞു.

വിയ്യാറയലിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ വിജയം അർഹിച്ചിരുന്നില്ലെന്നും എന്നാൽ റയൽ ബെറ്റിസിനെതിരെ അതു തീർച്ചയായും അർഹിച്ചിരുന്നുവെന്നും സാവി പറഞ്ഞു. ബാഴ്‌സലോണയെ സംബന്ധിച്ച് ഓരോ മത്സരങ്ങളും ഫൈനൽ പോരാട്ടമാണെന്നും തോൽക്കുന്നതിനെ താൻ ഇഷ്ടപ്പെടുന്നില്ലെന്നും സാവി കൂട്ടിച്ചേർത്തു.

മത്സരം തോറ്റതോടെ ലീഗിൽ ബാഴ്‌സലോണ ഏഴാം സ്ഥാനത്താണ്. 39 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന റയലിനേക്കാൾ 16 പോയിന്റ് പിന്നിൽ നിൽക്കുന്ന ബാഴ്‌സ ഈ സീസണിൽ കിരീടപ്പോരാട്ടത്തിലില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. അടുത്ത മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് തോൽവി വഴങ്ങിയാൽ ടീം യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യത്തെയും അഭിമുഖീകരിക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit