Football in Malayalam

ഹാലൻഡിനെ സ്വന്തമാക്കാനായില്ലെങ്കിൽ സാവി പരിഗണിക്കുന്നത് ലെവൻഡോസ്‌കിയെയല്ല

Sreejith N
Xavi Prefers Salah As Haaland Alternative
Xavi Prefers Salah As Haaland Alternative / Anadolu Agency/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ശൈലിക്ക് യോജിക്കാത്തതും നിലവിലെ സാമ്പത്തിക സാഹചര്യവുമായി ഒത്തു പോകാത്തതുമായ സൈനിംഗുകൾ നടത്തില്ലെന്ന് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും അടുത്ത സമ്മറിൽ ക്ലബിന്റെ പ്രധാന ലക്‌ഷ്യം എർലിങ് ബ്രൂട് ഹാലൻഡ് തന്നെയാണെന്ന് റിപ്പോർട്ടുകൾ. നോർവേ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരൻ ആരാവണമെന്ന കാര്യത്തിലും പരിശീലകൻ സാവിക്ക് തീർച്ചയുണ്ട്.

നേരത്തെ എർലിങ് ഹാലൻഡിനെ ലഭിച്ചില്ലെങ്കിൽ ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കി, ചെൽസി സ്‌ട്രൈക്കർ ലുക്കാക്കു എന്നിവരിലൊരാളെ ബാഴ്‌സലോണ സ്വന്തമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ മുപ്പത്തിമൂന്നുകാരനായ പോളണ്ട് സ്‌ട്രൈക്കറെക്കാൾ ബാഴ്‌സലോണ പരിശീലകനായ സാവി പരിഗണിക്കുന്നത് ലിവർപൂൾ മുന്നേറ്റനിര താരമായ മൊഹമ്മദ് സലായെയാണെന്ന് മുണ്ടോ ഡീപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നു.

മൈതാനത്തെ സലായുടെ നീക്കങ്ങൾ സാവിക്ക് ഇഷ്‌ടമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റൈറ്റ് വിങ്ങിൽ നിന്നും തുടങ്ങി ബോക്‌സിലേക്കെത്തി ഗോളുകൾ നേടുന്ന താരത്തിന് ബാഴ്‌സ മുന്നേറ്റനിരക്കു കൂടുതൽ മൂർച്ച നൽകാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതേസമയം താരത്തിന്റെ ട്രാൻസ്‌ഫർ നീക്കങ്ങളിൽ യാതൊരു ധൃതിയും കാറ്റലൻ ക്ലബ് കാണിക്കുന്നില്ല. ജൂണിനു മുൻപ് അതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്താമെന്ന് അവർ കരുതുന്നു.

സിവിസി കരാർ പൂർത്തിയാക്കാൻ ബാഴ്‌സലോണ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും അതിനു ശേഷം വരുന്ന ഫണ്ടുകൾ വഴി ട്രാൻസ്‌ഫറിനുള്ള തുക കണ്ടെത്താൻ കഴിയാമെന്നുമാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്. അതേസമയം ഹാലൻഡിന്റെ ട്രാൻസ്‌ഫറിൽ നിന്നും ഇക്കാരണം കൊണ്ട് ബാഴ്‌സലോണ പുറകോട്ടു പോകുന്നില്ല. നോർവീജിയൻ താരം തന്നെയാണ് അടുത്ത സമ്മറിൽ ബാഴ്‌സലോണയുടെ പ്രധാന ലക്‌ഷ്യം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit