പരിക്കും കോവിഡും സസ്‌പെൻഷനും, മയോർക്കയെ നേരിടാൻ ഒൻപതു ബി ടീം താരങ്ങളെ സ്‌ക്വാഡിലുൾപ്പെടുത്തി സാവി

FBL-ESP-LIGA-BARCELONA-TRAINING
FBL-ESP-LIGA-BARCELONA-TRAINING / PAU BARRENA/GettyImages
facebooktwitterreddit

ഈ സീസണിൽ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സക്ക് കൂടുതൽ തിരിച്ചടി നൽകി കോവിഡും താരങ്ങളുടെ പരിക്കും സസ്പെൻഷനുമെല്ലാം ഒരുമിച്ച് വന്നു ചേർന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതുവർഷത്തിലെ ആദ്യ മത്സരത്തിനായി ടീമിനെ ഇറക്കുമ്പോൾ ഒൻപതു ബി ടീം താരങ്ങളെയാണ് സാവിക്ക് സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടി വന്നിരിക്കുന്നത്.

സെർജിനോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീന്യോ, ജോർദി ആൽബ, അലെജാൻഡ്രോ ബാൾഡെ, അബ്ദെ എസ്ൽസൂലി, ഒസ്മാനെ ഡെംബലെ, ഗാവി, ഡാനി ആൽവസ് എന്നീ താരങ്ങൾക്കാണ് ബാഴ്‌സലോണയിൽ കോവിഡ് ബാധയേറ്റിരിക്കുന്നതു മൂലം മത്സരം നഷ്ടമാകാൻ പോകുന്നത്. സാമുവൽ ഉംറ്റിറ്റി, ക്ലെമന്റ് ലെങ്ലേറ്റ് എന്നിവർക്കും കോവിഡ് പോസിറ്റിവായിരുന്നെങ്കിലും ശനിയാഴ്‌ച രണ്ടു പേർക്കും നെഗറ്റിവ് പരിശോധനാഫലം ലഭിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച താരങ്ങൾക്കു പുറമെ പരിക്കും സസ്‌പെൻഷനും മൂലവും ബാഴ്‌സലോണക്ക് ടീമിലെ പ്രധാന താരങ്ങളെ നഷ്‌ടമാകും. അൻസു ഫാറ്റി, പെഡ്രി, മെംഫിസ് ഡീപേയ്‌, മാർട്ടിൻ ബ്രൈത്ത്വൈറ്റ്, സെർജി റോബർട്ടോ, എന്നിവർ പരിക്കിൽ നിന്നും മോചിതരാവാതെ തുടരുമ്പോൾ മധ്യനിര താരം സെർജിയോ ബുസ്‌ക്വറ്റ്സ് അഞ്ചു മഞ്ഞക്കാർഡുകൾ ലഭിച്ചതിന്റെ സസ്‌പെൻഷൻ മൂലവും കളിക്കാനിറങ്ങില്ല.

ടെർ സ്റ്റീഗൻ, പിക്വ, അറഹോ, പുയ്‌ജ്, നെറ്റോ, ലെങ്ലറ്റ്, ലൂക്ക് ഡി ജോംഗ്, ഫ്രാങ്കീ ഡി ജോംഗ്, മിൻഗുയെസ, ഉംറ്റിറ്റി, ഗാർസിയ, ഇനാക്കി പെന, നിക്കോ, ജുഗ്‌ള എന്നിങ്ങനെ സീനിയർ ടീമിൽ കളിച്ചിട്ടുള്ള താരങ്ങൾക്കു പുറമെ അൽവാരോ സയൻസ്, കോമാസ്, ഇലിയസ്, ഗ്വില്ലം, എസ്റ്റാണിസ്, ലൂക്കാസ് ഡി വേഗ, മിക്ക മാറ്റമോള് എന്നീ ബി ടീം താരങ്ങളാണ് സാവിയുടെ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.

റയൽ മയോർക്കക്കെതിരെ ഇന്ത്യൻ സമയം ഇന്നു രാത്രി 1.30നാണു ബാഴ്‌സലോണ കളിക്കുന്നത്. നിലവിൽ ഏഴാം സ്ഥാനത്തുള്ള ബാഴ്‌സക്ക് ടോപ് ഫോർ പ്രതീക്ഷകൾ നിലനിർത്താൻ മത്സരത്തിൽ വിജയം കൂടിയേ തീരു. എന്നാൽ മത്സരം മയോർക്കയുടെ മൈതാനത്താണെന്നത് ബാഴ്‌സലോണക്ക് ഭീഷണി തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.