ലയണൽ മെസിക്കായി ബാഴ്സലോണയുടെ വാതിലുകൾ എല്ലായിപ്പോഴും തുറന്നു കിടക്കുമെന്ന് സാവി


ലയണൽ മെസിക്ക് എപ്പോൾ വേണമെങ്കിലും ബാഴ്സയിലേക്ക് വരാമെന്ന് നിലവിൽ ക്ലബിന്റെ പരിശീലകനായ സാവി ഹെർണാണ്ടസ്. ബാഴ്സലോണയുടെ വാതിലുകൾ എപ്പോഴും മെസിക്കു മുന്നിൽ തുറന്നു കിടക്കുമെന്ന് എൽ ക്ലാസിക്കോ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കെ സാവി പറഞ്ഞു.
കഴിഞ്ഞ സമ്മറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മെസി ബാഴ്സലോണ വിടുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മെസിയെ ഒഴിവാക്കാൻ ക്ലബ് നിർബന്ധിതമായപ്പോൾ താരം പിഎസ്ജിയിൽ എത്തുകയായിരുന്നു. അതിനു ശേഷം മെസി ബാഴ്സയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു കൊണ്ടിരിക്കെയാണ് സാവിയുടെ പ്രതികരണം.
Of course Xavi would welcome Lionel Messi back to Barcelona ? pic.twitter.com/HTstQrHcoc
— GOAL (@goal) March 19, 2022
"മെസി എക്കാലത്തെയും മികച്ച താരമാണ്, ബാഴ്സലോണയുടെ വാതിലുകൾ എല്ലായിപ്പോഴും താരത്തിനു മുന്നിൽ തുറന്നു കിടക്കുകയും ചെയ്യും. ഞാൻ ബാഴ്സലോണ പരിശീലകൻ ആയിരിക്കുമ്പോൾ ഏതു ദിവസവും താരത്തിനെ സ്വാഗതം ചെയ്യുന്നു. താരത്തിന് ഒരു ആദരവ് നൽകാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും ഞാൻ കരുതുന്നു."
"താരം പിഎസ്ജിയുമായി കരാറിലായതിനാൽ തന്നെ കൂടുതലായി എനിക്കൊന്നും പറയാൻ കഴിയില്ല. പക്ഷെ ആഗ്രഹമുണ്ടെങ്കിൽ മെസിക്ക് ട്രെയിനിങ് കാണാൻ വരാം പരിശീലകനുമായി സംസാരിക്കാം. താരം ഞങ്ങൾക്കു നൽകിയത് വിലമതിക്കാൻ കഴിയാത്തതാണ്." സാവി മാധ്യമങ്ങളോട് പറഞ്ഞു.
ബാഴ്സക്കൊപ്പമുള്ള അവസാന സീസണിൽ 45 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയ മെസിയുടെ അഭാവം ഈ സീസണിൽ ക്ലബ്ബിനെ വളരെയധികം ബാധിച്ചിരുന്നു. എന്നാൽ കൂമാനു പകരം സാവി പരിശീലകനായി എത്തിയതോടെ താളം വീണ്ടെടുത്തു തുടങ്ങിയ ബാഴ്സ അവസാനത്തെ പതിനൊന്നു മത്സരങ്ങളിൽ തോൽവി അറിയാതെയാണ് എൽ ക്ലാസിക്കോക്ക് ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.