ഡാനി ആല്‍വേസിന്റെ ബാഴ്‌സലോണയിലെ ഭാവിയെ കുറിച്ച് സാവി; താരം ക്ലബിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പരിശീലകൻ

ബ്രസീലിയന്‍ താരം ഡാനി ആല്‍വേസിന്റെ ബാഴ്‌സലോണയിലെ ഭാവിയെ കുറിച്ച് നയം വ്യക്തമാക്കി പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ആൽവേസ് ബാഴ്‌സക്കൊപ്പം തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ സാവി, എന്നാൽ തീരുമാനം താരത്തിന്റെ പ്രകടനത്തെയും ക്ലബിനെയും ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കി.
"ആല്‍വേസ് ഏറ്റവും മികച്ചതാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. പ്രൊഫഷണലിസത്തിന്റെയും പോസിറ്റീവിറ്റിയുടെയും കാര്യത്തിൽ അവൻ ഒരു ഉദാഹരണമാണ്. ഒരു വർഷം കൂടി തുടരാൻ തീരുമാനിക്കുന്നതിന് ഉതകുന്ന പ്രകടനം ഇപ്പോൾ മുതൽ സീസൺ അവസാനം വരെ അവനിൽ നിന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," വാര്‍ത്താ സമ്മേളനത്തില്‍ സാവി പറഞ്ഞതായി സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
"അവൻ ടീമിൽ തുടരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ പ്രകടനത്തേയും ക്ലബിനേയും ആശ്രയിച്ചിരിക്കുന്നു.
ഈ പ്രായത്തിലും അദ്ദേഹം ഞങ്ങള്‍ക്ക് ഒരുപാട് നല്‍കുന്നുണ്ട്. അടുത്ത വര്‍ഷവും അത് തുടരുമെന്ന് വിചാരിക്കുന്നു," സാവി കൂട്ടിച്ചേര്‍ത്തു.
38കാരനായ ആല്‍വേസ് ഈ സീസണ്‍ അവസാനിക്കും വരെയുള്ള കരാറിലാണ് കാറ്റാലന്‍ ക്ലബിലെത്തിയിട്ടുള്ളത്. ക്ലബിനെ സഹായിക്കാന്‍ വേണ്ടി വളരെ കുറഞ്ഞ ശമ്പളത്തിനായിരുന്നു ആല്‍വേസ് ബാഴ്‌സയുമായി കരാറിലെത്തിയത്. തിരിച്ചുവന്നതിന് ശേഷം ബാഴ്‌സലോണക്ക് വേണ്ടി മൂന്ന് അസിസ്റ്റും ഒരു ഗോളും ആല്‍വേസ് സ്വന്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ടീമിന്റെ ഭാഗമാകുകയാണ് ആല്‍വേസിന്റെ ലക്ഷ്യം. 2008 മുതല്‍ 2016 വരെ ബാഴ്‌സലോണയുടെ പ്രധാന താരമായിരുന്നു ആല്‍വേസ്. 2016ല്‍ ബാഴ്‌സ വിട്ടതിന് ശേഷം യുവന്റസ്, പി.എസ്.ജി, സാവോ പോളോ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് താരം കാറ്റാലന്‍ ക്ലബിലേക്ക് തിരിച്ചെത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.