Football in Malayalam

സാവിയും ഡെംബലെയുടെ ഏജന്റും കൂടിക്കാഴ്‌ച നടത്തി, നിലപാടു വ്യക്തമാക്കി ബാഴ്‌സലോണ പരിശീലകൻ

Sreejith N
Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ ഡെംബലെയുടെ ഭാവിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ക്ലബിന്റെ പരിശീലകനായ സാവിയും താരത്തിന്റെ ഏജന്റായ മൂസ സിസോക്കോയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടന്ന കൂടിക്കാഴ്‌ച സാവിയും ഡെംബലെയുടെ ഏജന്റും തമ്മിലുള്ള ആദ്യത്തേതു കൂടിയായിരുന്നു.

സ്‌പാനിഷ്‌ മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഡെംബലെ ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നുള്ള തന്റെ താൽപര്യം സാവി ഏജന്റിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനു തയ്യാറാണെങ്കിൽ താരം ബാഴ്‌സലോണ മുന്നോട്ടു വെച്ച കരാർ ഒപ്പിടണമെന്നും അതല്ലെങ്കിൽ ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ക്ലബ് വിടണം എന്നും സാവി സിസോക്കോയോട് പറഞ്ഞു.

ഈ രണ്ടു കാര്യങ്ങളും സംഭവിച്ചില്ലെങ്കിൽ എങ്ങിനെയായിരിക്കും ബാഴ്‌സലോണ പ്രതികരിക്കുകയെന്ന മൂസോ സിസോക്കോയുടെ ചോദ്യത്തിനുള്ള സാവിയുടെ മറുപടിയും വളരെ കൃത്യമായിരുന്നു. കരാർ പുതുക്കാൻ തയ്യാറാവാതെ ജനുവരിക്കു ശേഷം ഡെംബലെ ബാഴ്‌സലോണയിൽ തുടർന്നാൽ താരം ക്ലബിനു വേണ്ടി ഒരു മത്സരത്തിൽ പോലും കളിക്കാനിറങ്ങില്ലെന്നാണ് സാവി ഏജന്റിനോട് വ്യക്തമാക്കിയത്.

ബാഴ്‌സലോണ പരിശീലകൻ ഡെംബലെയുടെ ഏജന്റിനോട് തന്റെ നിലപാട് ശക്തമായി തന്നെയാണ് വ്യക്തമാക്കിയതെങ്കിലും കൂടിക്കാഴ്‌ച വളരെ ശാന്തമായിരുന്നുവെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉടനെ തന്നെ കണ്ടെത്താൻ ശ്രമിക്കുമെന്ന് ഏജന്റ് സാവിയോട് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.

ഡെംബലെക്ക് ബാഴ്‌സലോണയോട് ആത്മാർത്ഥതയുണ്ടെന്നും ക്ലബിന്റെ പ്രോജെക്റ്റിൽ താൽപര്യമുണ്ടെന്നും ഏജന്റ് സാവിയോട് പറഞ്ഞു. താരം ഈ ദിവസങ്ങളിൽ പരിശീലനത്തിൽ കാണിക്കുന്ന മികവ് അതിന്റെ തെളിവാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡെംബലെയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ പരിശീലനത്തിൽ താരം കാണിക്കുന്ന പരിപൂർണമായ ആത്മാർത്ഥതയെ സാവിയും അഭിനന്ദിക്കുകയുണ്ടായി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit