ഡെംബലെയെ മാതൃകയാക്കാൻ ആവശ്യപ്പെട്ട് സാവി, മൂന്നു ബാഴ്‌സലോണ താരങ്ങൾക്ക് വിമർശനം

Xavi Mentions Dembele's Attitude As An Example
Xavi Mentions Dembele's Attitude As An Example / Soccrates Images/GettyImages
facebooktwitterreddit

ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ട്, കാഡിസ് എന്നിവർക്കെതിരെ നടന്ന അവസാനത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ യൂറോപ്പിൽ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പിന് അവസാനമായിട്ടുണ്ട്. ഈ രണ്ടു മത്സരങ്ങളിലും സ്വന്തം മൈതാനത്താണ് ബാഴ്‌സലോണ തോൽവി വഴങ്ങിയതെന്നത് അവരുടെ നിരാശ വർധിപ്പിക്കുന്നു. മത്സരത്തിനു ശേഷം പരിശീലകനായ സാവി പറഞ്ഞ വാക്കുകളിൽ തോൽവിയുടെ അമർഷവും വ്യക്തമായിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞ വാക്കുകളിൽ ഒരു മൃദുത്വം ഉണ്ടായിരുന്നെങ്കിലും അതിനു ശേഷം ബാഴ്‌സലോണ താരങ്ങളിൽ ചിലരോട് കൂടുതൽ പരുക്കനായ വിമർശനമാണ് സാവി നടത്തിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പുറത്തു വിടുന്നത്. എൽ ചിരിങ്കുയിറ്റൊയുടെ റിപ്പോർട്ടുകൾ പ്രകാരം മെംഫിസ് ഡീപേയ്, ഫ്രാങ്കീ ഡി ജോംഗ്, ക്ലമന്റ് ലെങ്ലേറ്റ് എന്നിവരെയാണ് സാവി വിമർശിച്ചത്.

താരങ്ങളുടെ ആവേശം വർധിപ്പിക്കാനും ഇനിയുള്ള മത്സരങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാനുമാണ് സാവി താരങ്ങളുമായി സംസാരിച്ചത്. വിമർശനം നടത്തിയെങ്കിലും അതിൽ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാതൊരു പരാമർശവും സാവി നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഈ മൂന്നു താരങ്ങളും നടത്തിയ മോശം പ്രകടനത്തെ സാവി കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മുന്നേറ്റനിര താരമായ ഓസ്മാനെ ഡെംബലെയെ മാതൃകയാക്കാൻ മറ്റു താരങ്ങളോട് സാവി ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മത്സരത്തിൽ താരം മികച്ച പ്രകടനം നടത്തുകയും വിജയത്തിനായി പൊരുതുകയും ചെയ്‌തിരുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ബാഴ്‌സലോണക്കു വേണ്ടി നടത്തുന്ന ആത്മാർത്ഥമായ പ്രകടനം മതിപ്പുണ്ടാക്കുന്നതാണെന്നും സാവി വ്യക്തമാക്കുന്നു.

പതിനഞ്ചു മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ച ബാഴ്‌സലോണ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തോൽവികൾ വഴങ്ങിയത് വലിയ നിരാശയാണ് ടീമിന് സമ്മാനിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണിൽ ഒരു കിരീടം നേടാൻ പോലും ടീമിന് സാധ്യതയില്ല. ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാനാവും ക്ലബിന്റെ ശ്രമം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.