"ഇതു പരിപൂർണതയിലെത്തിയ പ്രകടനം"- നാപ്പോളിക്കെതിരായ ബാഴ്‌സലോണയുടെ വിജയത്തെ പ്രശംസിച്ച് സാവി


തുടർച്ചയായ രണ്ടാം എവേ മത്സരത്തിലും നാലു ഗോളുകൾ നേടി നാപ്പോളിയെ യൂറോപ്പ ലീഗിൽ നിന്നും പുറത്താക്കിയ ബാഴ്‌സയുടെ പ്രകടനത്തെ പ്രശംസിച്ച് സാവി. തന്റെ കീഴിൽ ടീം ഇതുവരെ കളിച്ചതിൽ ഏറ്റവും പരിപൂർണതയിലെത്തിയ പ്രകടനമായിരുന്നു നാപ്പോളിക്കെതിരെ ഉണ്ടായതെന്നു വ്യക്തമാക്കിയ സാവി ടീം നടത്തിയ പരിശ്രമത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് സമനിലയിൽ കുരുങ്ങിയ ബാഴ്‌സ ഇന്നലെ വിജയത്തിനായി എല്ലാം മറന്നു പൊരുതിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് അവർ നേടിയത്. ജോർദി ആൽബ, ഫ്രാങ്കീ ഡി ജോംഗ്, ജെറാർഡ് പിക്വ, ഔബമായാങ് എന്നിവർ ഗോളുകൾ നേടിയപ്പോൾ ട്രയോറെ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കി. ഇതിനു മുൻപ് ലീഗിൽ നടന്ന മത്സരത്തിൽ വലൻസിയക്കെതിരെയും ബാഴ്‌സലോണ നാല് ഗോളുകൾ നേടിയിരുന്നു.
"A complete win"
— FC Barcelona (@FCBarcelona) February 25, 2022
— Xavi's reaction to #NapoliBarça pic.twitter.com/MdHbcpIgBY
"ഇതു ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും പരിപൂർണതയിൽ എത്തിയ ഞങ്ങളുടെ പ്രകടനമാണ്. ഞങ്ങൾ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും അതിൽ വിജയം നേടുകയും ചെയ്‌തു. ടീം നടത്തിയ പരിശ്രമത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ സാവി പറഞ്ഞു.
"ഞങ്ങൾ നല്ല രീതിയിൽ കളിച്ചു. ഫ്രീ പ്ലേയറെ കണ്ടെത്താനും, സമ്മർദ്ദത്തെ അതിജീവിക്കാനും, പന്തു നഷ്ടമായാൽ പ്രസ് ചെയ്യാനുമെല്ലാം ടീം ശ്രദ്ധിച്ചു.. സ്വന്തം മൈതാനത്തുണ്ടായ പോലെ ആധിപത്യം സ്ഥാപിച്ചു. മത്സരഫലം തൃപ്തികരമാണ്. കളിക്കാർ കഠിനമായി അധ്വാനിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.ഈ വഴിയാണ് പിന്തുടരേണ്ടത്, ഞങ്ങൾ ശരിയായ പാതയിലാണ്." സാവി പറഞ്ഞു.
മത്സരത്തിൽ മികച്ച പ്രകടനം നടത്തി ഗോൾ കണ്ടെത്തിയ ഫ്രാങ്കീ ഡി ജോംഗ് തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നുണ്ടെന്നു പറഞ്ഞ സാവി യൂറോപ്പ ലീഗ് വിജയിക്കാൻ ഏറ്റവുമധികം സാധ്യത ബാഴ്‌സലോണക്കല്ലെന്നും ഒരിക്കൽക്കൂടി പറഞ്ഞു. അവസാന പതിനാറിൽ മാത്രം എത്തിയ ടീം ഒന്നും വിജയിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ച അദ്ദേഹം അത്‌ലറ്റിക് ക്ലബിനെതിരെയുള്ള അടുത്ത മത്സരത്തിലാണ് ഇനി ശ്രദ്ധയെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.