Football in Malayalam

'ബാഴ്സലോണയുടെ പരിശീലകനെന്ന വെല്ലുവിളി ഏറ്റെടുക്കാ‌ൻ അവൻ തയ്യാർ'; സാവിക്ക് ആശംസകളുമായി ഇനിയേസ്റ്റ

By Gokul Manthara
FBL-ESP-BARCELONA-XAVI-TRIBUTE
FBL-ESP-BARCELONA-XAVI-TRIBUTE / JOSEP LAGO/GettyImages
facebooktwitterreddit

റൊണാൾഡ് കൂമാന് പകരം ബാഴ്സലോണയുടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്ന ക്ലബ്ബ് ഇതിഹാസം സാവി ഹെർണാണ്ടസിന് ആശംസകൾ നേർന്ന് ആന്ദ്രെ ഇനിയേസ്റ്റ. ബാഴ്സലോണയുടെ പരിശീലകനാകാൻ തികച്ചും അനുയോജ്യനായ വ്യക്തിയാണ് സാവിയെന്ന് ചൂണ്ടിക്കാട്ടിയ ഇനിയേസ്റ്റ, ഈ ദൗത്യത്തിന് അദ്ദേഹം തയ്യാറാണെന്നും കഴിഞ്ഞ‌ദിവസം ബീ ഇൻ സ്പോർട്സിനോട് സംസാരിക്കവെ വ്യക്തമാക്കി.

ക്ലബ്ബിനെക്കുറിച്ച് മികച്ച ധാരണയുള്ളയാളാണ് സാവിയെന്ന് ചൂണ്ടിക്കാട്ടുന്ന ഇനിയേസ്റ്റ, ക്ലബ്ബിന്റെ പരിശീലക വേഷത്തിൽ തിളങ്ങാൻ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. ക്ലബ്ബിൽ സാവിക്ക് വിജയിക്കാനുള്ള സാഹചര്യങ്ങളുണ്ടാകുമെന്ന് കരുതുന്നതായി പറഞ്ഞ സ്പാനിഷ് ഇതിഹാസം, സാവിക്ക് എല്ലാവിധ ആശംസകളും നേർന്നു.

"അവൻ തയ്യാറാണ് (ബാഴ്സ പരിശീലകനാവാൻ)- അവൻ അതിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, അതിന് കഴിവുള്ളവനുമാണ്. അവൻ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് തികച്ചും അനുയോജ്യനാണ്, അതുറപ്പാണ്. ലാ മാസിയയെക്കുറിച്ചോ ക്ലബ്ബിനെക്കുറിച്ചോ അവന് അറിയാവുന്നത് കൊ‌ണ്ടു മാത്രമല്ല മറിച്ച് അവൻ അതിന് തയ്യാറാണ്. ഈ വെല്ലുവിളി നേരിടാൻ അവൻ തയ്യാറാണ്."

"ഞാൻ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അദ്ദേഹം അവിടെ മികച്ച നിലയിലായിരിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. കാരണം അവൻ ഈ നിമിഷത്തിനായി തയ്യാറെടുക്കുകയും, ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുന്നതിൽ വളരെയധികം ആവേശത്തിലുമാണ്‌. അദ്ദേഹത്തിന് അവിടെ വിജയിക്കാനുള്ള സാഹചര്യങ്ങളുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു." കളിച്ചു കൊണ്ടിരുന്ന സമയത്ത് ബാഴ്സയിൽ സാവിയുടെ സഹതാരമായിരുന്ന ഇനിയേസ്റ്റ പറഞ്ഞു.

അതേ സമയം ഖത്തറി ക്ലബ്ബായ അൽ സദ്ദിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാണ് സാവി ബാഴ്സലോണയുടെ പരിശീലകനായെത്തുന്നത്. കറ്റാലൻ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്ന അദ്ദേഹം 2023-24 സീസൺ അവസാനം വരെയുള്ള പരിശീലക കരാറാണ് ക്ലബ്ബുമായി ഒപ്പുവെക്കുന്നത്.

facebooktwitterreddit