ഡെംബലെക്ക് ലോകത്തിലെ മികച്ച താരമാവാൻ കഴിയും, താരത്തിന്റെ കരാർ പുതുക്കുന്നതു തന്റെ പരിഗണനയെന്നു സാവി


ബാഴ്സലോണ പരിശീലകനായി ക്യാമ്പ് ന്യൂവിൽ തന്നെ അവതരിപ്പിച്ച ചടങ്ങിനു ശേഷം ടീമിലെ മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയെ പ്രശംസിച്ച് സാവി ഹെർണാണ്ടസ്. ഒരു വിങ്ങർ എന്ന നിലയിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ ഡെംബലെക്ക് കഴിയുമെന്നു ഈ വർഷത്തോടെ കോണ്ട്രാക്റ്റ് അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് താരത്തിന്റെ കരാർ പുതുക്കുന്നത് തന്റെ പ്രധാന പരിഗണനയാണെന്നും സാവി വ്യക്തമാക്കി.
നെയ്മർ ബാഴ്സലോണ വിട്ടപ്പോൾ പകരക്കാരനായി ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സ്വന്തമാക്കിയ ഡെംബലെക്ക് നിരന്തരം പരിക്ക് പറ്റുന്നതു മൂലം ഇതുവരെയും സ്ഥിരതയാർന്ന പ്രകടനം ടീമിനു വേണ്ടി നടത്താൻ കഴിഞ്ഞിട്ടില്ല. പരിക്കിന്റെ പിടിയിൽ നിന്നും താരത്തെ കരകയറ്റാൻ സഹായിക്കാൻ കഴിയുമെന്നും ഡെംബലെ ബാഴ്സലോണയിൽ തന്നെ തുടരണമെന്നും സാവി അഭിപ്രായപ്പെട്ടു.
❝For me, Dembélé, at his position, with hard work, he can be the best footballer in the world.❞
— FC Barcelona (@FCBarcelona) November 8, 2021
— Xavi pic.twitter.com/wyUO05eSoa
"ഡെംബലെ ബാഴ്സലോണയിൽ തന്നെ തുടരണം എന്ന കാര്യം വളരെ വ്യക്തമാണ്. വിങ്ങറെന്ന തന്റെ പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ ഡെംബലെക്ക് കഴിയും, അതു നേടിയെടുക്കാൻ ഞങ്ങൾ സഹായിക്കണം. ബാഴ്സയിൽ വ്യത്യാസമുണ്ടാക്കാൻ കഴിയുന്ന ഫുട്ബോൾ താരമായ അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നത് ഒരു പരിഗണനയാണ്."
"പരിക്കു പറ്റാതിരിക്കാൻ താരത്തെ നമ്മൾ സഹായിക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്നതിലൂടെയും ജിമ്മിൽ കൃത്യമായി ജോലി ചെയ്യുന്നതിലൂടെയും താരത്തിന് നിരന്തരം പരിക്കു പറ്റുന്നത് ഒഴിവാക്കപ്പെടും." സാവി തന്നെ അവതരിപ്പിക്കുന്ന ചടങ്ങിനിടെ മാധ്യമങ്ങളോട് പറഞ്ഞു.
വിങ്ങർമാർ തന്റെ കേളീശൈലിയിൽ ഒരു അവിഭാജ്യഘടകം ആയിരിക്കുമെന്നും സാവി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വശങ്ങളിൽ സ്പേസുകൾ കണ്ടെത്തി അപകടങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വിങ്ങർമാർക്കു വേണ്ട കഴിവുകളെല്ലാം ഫ്രഞ്ച് മുന്നേറ്റനിര താരത്തിനുണ്ടെന്നും സാവി കൂട്ടിച്ചേർത്തു.