ലോകഫുട്ബോളിന്റെ ഭാവിതാരം പെഡ്രിയെന്ന് സാവി, ഡെസ്റ്റിനും ഒബാമയാങിനും ബാഴ്‌സലോണ പരിശീലകന്റെ പ്രശംസ

FC Barcelona v Club Atletico de Madrid - La Liga Santander
FC Barcelona v Club Atletico de Madrid - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വലൻസിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിനു ശേഷം ടീമിലെ പെഡ്രി, സെർജിനോ ഡെസ്റ്റ്, ഒബാമയാങ് എന്നിവരെ പ്രശംസിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. പെഡ്രിയെപ്പോലൊരു പ്രതിഭ ഫുട്ബോൾ ലോകത്ത് വേറെയില്ലെന്നു പറഞ്ഞ സാവി ആദ്യത്തെ പതർച്ചക്കു ശേഷം ഡെസ്റ്റ് ടീമുമായി ഒത്തിണക്കം കാണിക്കാൻ തുടങ്ങി എന്നും വ്യക്തമാക്കി.

"പെഡ്രി ഞങ്ങളിലൊരു മാറ്റമുണ്ടാക്കി, അവൻ പന്തു കാലിൽ നിന്നും നഷ്‌ടമാക്കിയതേയില്ല, രണ്ടു കാലുകൾ കൊണ്ടും കളിക്കാനും കഴിയുന്നു. വളരെ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. അവൻ ചെയ്യുന്നത്, പന്തുമായി തിരിയുന്നത്, ആ താളവും എല്ലാം മനോഹരമാണ്. ഉയർന്ന നിലവാരത്തിലുള്ള താരത്തിനു പത്തൊൻപതു വയസു മാത്രമാണ് പ്രായം."

"അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തുന്ന താരത്തെപ്പോലെ മറ്റൊരു പ്രതിഭ ലോകഫുട്ബോളിൽ ഉണ്ടാകില്ല. ഞങ്ങൾക്കവനെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. മത്സരത്തിൽ താരം വ്യത്യാസം വരുത്തുന്നു. കൃത്യമായ ഏരിയയിൽ താരം പന്ത് തിരിച്ചെടുക്കുന്നു. താരം ടീമിലുള്ളത് അതിമനോഹരമാണ്. അര മണിക്കൂർ മാത്രമേ താരം കളിച്ചുള്ളൂവെങ്കിലും മികവുറ്റ പ്രകടനം നടത്തി. ഒരു സാധാരണ കളിക്കാരനല്ല പെഡ്രി, അതുപോലെ വളരെ കുറച്ചു താരങ്ങൾ മാത്രമേയുള്ളൂ." സാവി പറഞ്ഞു.

മത്സരത്തിൽ ഹാട്രിക്ക് നേടിയ ഒബാമയാങിനെ പ്രശംസിച്ച സാവി ഡെസ്റ്റിന്റെ പ്രകടനവും മികച്ചതാണെന്ന് വിലയിരുത്തലാണ് നടത്തിയത്. വന്ന സമയത്ത് ഡെസ്റ്റിനു പതർച്ചയുണ്ടായിരുന്നു എങ്കിലും പന്തു കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും നല്ല രീതിയിൽ കളിക്കുന്നുണ്ടെന്നു വ്യക്തമാക്കി. അതേസമയം തന്റെ കരിയറിൽ നിരവധി ഗോളുകൾ നേടിയിട്ടുള്ള ഒബാമയാങിന് ഈ മത്സരത്തിൽ നേടിയ ഗോളുകൾ കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും സാവി പറഞ്ഞു.

മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും നാപ്പോളിക്കെതിരെ പല സമയത്തും കാണിച്ച നിലവാരം ടീമിനു സൃഷ്‌ടിക്കാൻ കഴിഞ്ഞില്ലെന്ന് സാവി പറഞ്ഞു. രണ്ടാം പകുതിയിൽ ടീം കൂടുതൽ ബുദ്ധിമുട്ടിയെന്നു പറഞ്ഞ സാവി വിജയം നേടിയതിൽ വളരെ സന്തോഷമുണ്ടെന്നും അറിയിച്ചു. വിജയം ടീമിലെ സാഹചര്യം മികച്ചതാക്കിയെന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഇനിയും പോയിന്റുകൾ ടീമിന് ആവശ്യമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.