Football in Malayalam

"ഫുട്ബോളിൽ എന്തും സംഭവിക്കാം"- ഡെംബലെ ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷയിൽ സാവി ഹെർണാണ്ടസ്

Sreejith N
Valencia v FC Barcelona - La Liga Santander
Valencia v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

അത്‌ലറ്റിക് ബിൽബാവോക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ പകരക്കാരനായിറങ്ങി മിന്നുന്ന പ്രകടനം നടത്തിയ ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെയെ പ്രശംസിച്ച് ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടി കോപ്പ ഡെൽ റേ തോൽവിക്ക് ബാഴ്‌സലോണ പകരം വീട്ടിയ മത്സരത്തിൽ അറുപത്തിയേഴാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ഒരു ഗോൾ നേടി, രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയിരുന്നു.

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെ ജനുവരിയിൽ ക്ലബ് വിടണമെന്ന് ബാഴ്‌സ അറിയിച്ചിരുന്നെങ്കിലും താരം ക്ലബിനൊപ്പം തുടരുകയായിരുന്നു. അടുത്ത സീസണിൽ ടീമിനൊപ്പം തുടരാനുള്ള സാധ്യത ഇല്ലാഞ്ഞിട്ടും താരത്തിന് അവസരം നൽകുന്ന സാവിയുടെ പ്രവൃത്തിയെ ന്യായീകരിച്ച് കഴിഞ്ഞ മൂന്നു മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ഒരു ഗോളും മൂന്നു അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ സീസണോടെ കരാർ അവസാനിക്കുന്ന ഡെംബലെ ഇതുവരെ അതു പുതുക്കാൻ തയ്യാറായിട്ടില്ലെങ്കിലും താരം ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷ ഇപ്പോഴും സാവിക്കുണ്ട്. റൊണാൾഡ്‌ കൂമാനു പകരക്കാരനായി ഈ സീസണിനിടയിൽ വെച്ച് പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം വളരെയധികം മെച്ചപ്പെടുന്നതിന്റെ സൂചനകൾ കാണിക്കുന്ന ബാഴ്‌സക്കൊപ്പം ഡെംബലെ തുടരാനുള്ള സാധ്യതയുണ്ടെന്ന് സാവി വിശ്വസിക്കുന്നു.

"നമുക്ക് വേണ്ട ഡെംബലെയാണ് കണ്ടത്. എന്താണ് താരത്തിനു ചെയ്യാൻ കഴിയുന്നത്, അതാണ് നമുക്ക് വേണ്ടത്. താരം തുടരുമോ എന്നത് ഡെംബലെക്കും ക്ലബിനും മുന്നിലുള്ള ചോദ്യമാണ്. ഫുട്ബോളിൽ ഒന്നും തള്ളിക്കളയാൻ കഴിയില്ല. തന്റെ പൊസിഷനിൽ ഡെംബലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്." സാവി പറഞ്ഞത് മുണ്ടോ ഡീപോർടീവോ റിപ്പോർട്ട് ചെയ്‌തു.

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം നിരന്തരം പരിക്കിന്റെ പിടിയിൽ അകപ്പെട്ട കരിയറായിരുന്നു ഡെംബലെയുടേത്. ഇപ്പോൾ മികച്ച പ്രകടനം നടത്തുന്ന താരം തുടരുമെന്ന പ്രതീക്ഷ സാവിക്കുണ്ടെങ്കിലും ഏതെങ്കിലും ക്ലബുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടിട്ടുണ്ടെങ്കിൽ അതു നടക്കാൻ സാധ്യതയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit