ഡെംബലെയെ വിടാതെ ബാഴ്‌സലോണ; പുതിയ പ്രസ്താവനയുമായി സാവി

Xavi is hopeful Dembele will renew his Barcelona contract
Xavi is hopeful Dembele will renew his Barcelona contract / LLUIS GENE/GettyImages
facebooktwitterreddit

ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെയെ ടീമില്‍ നിലനിര്‍ത്തുന്നതിനുള്ള പണി പതിനെട്ടും പയറ്റി നോക്കുകയാണ് ബാഴ്‌സലോണ. എന്നാല്‍ ടീമില്‍ തുടരില്ലെന്ന നിലപാടില്‍ ഡെംബലെയും ഉറച്ചു നില്‍ക്കുന്നതോടെ ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ നീണ്ടു പോവുകയാണ്. പരിശീലകന്‍ സാവി ഇപ്പോഴും ഡെംബലെ ക്ലബില്‍ തുടരുമെന്ന ശുഭ പ്രതീക്ഷയിലാണ്.

അതിനുള്ള നീക്കങ്ങള്‍ സാവി ഇപ്പോഴും നടത്തുന്നുണ്ട്. മയ്യോര്‍ക്കക്കെതിരേ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാവി വീണ്ടും ഡെംബലേയുടെ കാര്യം സൂചിപ്പിച്ചത്. "ഞങ്ങള്‍ ഇപ്പോഴും ചര്‍ച്ച നടത്തുകയാണ്, അദ്ദേഹം ടീമില്‍ തുടരുമെന്ന് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്," സാവി പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

ഡിസംബര്‍ 15നകം ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ മറുപടി പറയാന്‍ ബാഴ്‌സലോണ ഡെംബലെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 25നുള്ളില്‍ ഉറപ്പായും മറുപടി നല്‍കണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. പക്ഷെ ഡെംബലെ ഇതുവരെയും ക്ലബില്‍ തുടരുന്ന കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല.

"ഞാന്‍ ഡെംബലെയുമായി സംസാരിച്ചിട്ടുണ്ട്, ക്ലബില്‍ തുടരാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ കാത്തിരിക്കേണ്ടതുണ്ട്.

"അവൻ ക്ലബില്‍ തുടരാന്‍ തീരുമാനിച്ചാല്‍ ഒന്നോ രണ്ടോ താരങ്ങളെകൂടി ഞങ്ങൾക്ക് ടീമിലെത്തിക്കാന്‍ കഴിയും. വളരെ മികച്ച ഓഫറാണ് താരത്തിന് നല്‍കിയിരിക്കുന്നത്, സാമ്പത്തിക കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല. എന്തായാലും ബാഴ്‌സലോണയുടെ ഓഫര്‍ മികച്ചതാണ്," സാവി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.