Football in Malayalam

'അൽ സാദിലെ ജോലിയിലാണ് എന്റെ ശ്രദ്ധ' - ബാഴ്‌സലോണ പരിശീലകനാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാവി

Ali Shibil Roshan
Xavi Hernandez
Xavi Hernandez / Miquel Benitez/GettyImages
facebooktwitterreddit

റൊണാൾഡ്‌ കൂമാനെ ബാഴ്‌സലോണ പുറത്താക്കിയതോടെ, കാറ്റലൻ ക്ലബിന്റെ അടുത്ത പരിശീലകൻ താനാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്ലബ് ഇതിഹാസവും, നിലവിലെ അൽ സാദ് പരിശീലകനുമായ സാവി ഹെർണാണ്ടസ്.

റയോ വയ്യക്കാനോക്കെതിരെ നടന്ന ലാ ലീഗ മത്സരത്തിൽ 1-0ത്തിന് പരാജയപ്പെട്ടതിന് പിന്നാലെ കൂമാനെ പുറത്താക്കിയതോടെയാണ്, ബാഴ്‌സലോണ പരിശീലകസ്ഥാനത്തേക്ക് സാവിയുടെ പേരുകൾ വീണ്ടും സജീവമായത്. ബാഴ്‌സ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നതും നിലവിൽ സാവിക്ക് തന്നെയാണ്.

എന്നാൽ, അൽ സാദിലെ ജോലിയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ബാഴ്‌സലോണ അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ സാവി പ്രതികരിച്ചത്. "അൽ സാദുമായുള്ള ജോലിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റൊന്നിനെ കുറിച്ചും ഞാൻ സംസാരിക്കില്ല," സാവി പറഞ്ഞു.

അതേ സമയം, ബാഴ്‌സലോണ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സാവി സമ്മതം മൂളിയതായി പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂമാനെ പുറത്താക്കിയതിനു പിന്നാലെയാണ് നിലവിൽ അൽ സാദിന്റെ പരിശീലകനായ സാവിയുമായി ബാഴ്‌സലോണ ചർച്ചകൾ ആരംഭിച്ചതെന്നും, ലപോർട്ടയുമായി സംസാരിച്ച അദ്ദേഹം ബാഴ്‌സലോണയുടെ പ്രോജക്റ്റ് അംഗീകരിച്ചു എന്നുമാണ് റൊമാനോ വ്യക്തമാക്കുന്നത്. അൽ സാദുമായുള്ള കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം അദ്ദേഹം ബാഴ്‌സലോണ പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്നും റൊമാനോ വ്യക്തമാക്കി.


facebooktwitterreddit