ടീമില്‍ ആവശ്യമില്ലാത്ത താരങ്ങള്‍ക്ക് പുതിയ ക്ലബ് കണ്ടെത്താന്‍ സമയം നല്കി ബാഴ്സലോണ

അടുത്ത സീസണിലെ സാവിയുടെ പദ്ധതയില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്ക് പുതിയ ക്ലബ് കണ്ടെത്താന്‍ സമയം നല്കി ബാഴ്സലോണ. ഓസ്കാര്‍ മിൻഗ്വേസ, സാമുവല്‍ ഉംറ്റിറ്റി, റിക്കി പുയ്ഗ് തുടങ്ങിയ താരങ്ങള്‍ക്കാണ് അധികമായി ഒരാഴ്ചകൂടി ലീവ് അനുവദിച്ച് പുതിയ ക്ലബ് കണ്ടെത്താന്‍ ബാഴ്സലോണ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജൂലൈ 4ന് തുടങ്ങുന്ന ബാഴ്സലോണയുടെ പ്രീസീസണ് ക്യാപിലേക്ക് എത്തേണ്ടതില്ലെന്ന് ഈ താരങ്ങളോട് ബാഴ്സലോണ അറിയിച്ചിട്ടുണ്ടെന്ന് മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത സീസണിലേക്കുള്ള തന്റെ പദ്ധതില്‍ ഈ താരങ്ങള്‍ ഇല്ലെന്ന് സാവി ഇവരോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ ഭാവി ക്ലബിനെ കണ്ടെത്തുന്നതിന് വേണ്ടി ബാഴ്സ സമയം നല്‍കിയിരിക്കുന്നത്.
ഡാനിഷ് സ്ട്രൈക്കര്‍ മാര്ട്ടിന് ബ്രാതൈ്വറ്റിന്റെ അവസ്ഥയും ഇതുതന്നെയാണ്. അദ്ദേഹവും അടുത്ത സീസണില്‍ സാവിയുടെ പദ്ധതിയില്‍ ഉള്‍പ്പെടാത്ത താരമാണ്. എന്നാല്‍ നാഷന്‍സ് ലീഗിനായി ഡെന്മാര്ക്ക് ദേശീയ ടീമിനൊപ്പം ചേര്‍ന്ന ബ്രാതൈ്വറ്റ് ഇതുവരെയും തിരിച്ചുവന്നിട്ടില്ലെന്നാണ് വിവരം.
നാലു പേര്‍ക്കും പുതിയ ക്ലബ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപക്ഷെ സാവിയുടെ പദ്ധതിയില്‍ ഇല്ലാത്ത താരങ്ങളെ അമേരിക്കന്‍ ടൂറിന്റെ ഭാഗമാക്കാന്‍ സാധ്യത കുറവാണെന്നാണ് വിവരം.
അടുത്ത സീസണിലേക്കായി മികച്ച ടീമിനെ ഒരുക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ബാഴ്സലോണ. അതിനായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് മുന്നേറ്റ താരം റോബര്‍ട്ട് ലെവന്ഡോസ്കിയെയാണ് ബാഴ്സലോണ ലക്ഷ്യം വെച്ചിരിക്കുന്നത്.