പുതിയ ക്ലബ് കണ്ടെത്താൻ ആറ് ബാഴ്സലോണ താരങ്ങളോട് നിർദ്ദേശിച്ച് സാവി

അടുത്ത സീസണിലേക്കുള്ള ബാഴ്സലോണയുടെ പ്രീ സീസണ് ക്യാംപ് ഇന്ന് ആരംഭിക്കാനിരിക്കുകയാണ്. അടുത്ത സീസണിലേക്കായി മികച്ച ടീമിനെ ഒരുക്കുന്നതിനുള്ള നീക്കങ്ങളിലാണ് കാറ്റാലന്‍ ക്ലബ് ഇപ്പോള്‍. എന്നാല്‍ ക്ലബിലെ ആറു താരങ്ങളോട് പുതിയ ക്ലബുകള്‍ തേടാന്‍ സാവി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സ്പാനിഷ് മാധ്യമമായ സ്പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സീസണിലെ തന്റെ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ആറു താരങ്ങളോടാണ് പുതിയ ക്ലബുകള്‍ കണ്ടെത്തുന്നതിന് വേണ്ടി സാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിക്കി പുയ്ഗ്, ഗോള്‍കീപ്പര്‍ നെറ്റോ, ഓസ്കാര്‍ മിൻഗ്വേസ, ക്ലെമന്റ് ലിങ്ലെറ്റ്, സാമുവല്‍ ഉംറ്റിറ്റി, മൂസ വഗ്യു തുടങ്ങിയ താരങ്ങള്‍ സാവിയുടെ പദ്ധതയില്‍ ഉള്‍പ്പെടാത്ത താരങ്ങളാണ്. അതുകൊണ്ടാണ് അടുത്ത സീസണിലേക്കായി ഈ താരങ്ങളോട് പുതിയ ക്ലബുകള്‍ കണ്ടെത്താന്‍ പരിശീലകന് നിര്‍ദേശിച്ചിരിക്കുന്നത്.
പരുക്കും ഫോമില്ലായ്മയും കാരണം അവസാന സീസണില്‍ ബാഴ്സക്കായി അത്ര മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത താരങ്ങളോടാണ് സാവി മറ്റു വഴികള്‍ തേടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേ സമയം പുതിയ സീസണിലേക്കുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ഇതുവരെയും ബാഴ്ലോണക്ക് കഴിഞ്ഞിട്ടില്ല.
ഫ്രീ ട്രാൻസ്ഫറിൽ ക്രിസ്റ്റൻസെൻ, ഫ്രാങ്ക് കെസ്സി എന്നിവരെ സ്വന്തമാക്കാൻ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഇത് വരെ അത് ഔദ്യോഗികമായി ബാഴ്സ പ്രഖ്യാപിച്ചിട്ടില്ല. അവർക്ക് പുറമെ മൂന്നിലധികം താരങ്ങളെയും ബാഴ്സ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നോട്ടമിടുന്നുണ്ട്.
ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമാണ്. എന്നാല്‍ താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ ഇതുവരെയും ബയേണുമായി ധാരണയിലെത്താൻ ബാഴ്സക്കായിട്ടില്ല. ഇവർക്ക് പുറമെ ലീഡ്സ് യുണൈറ്റഡ് താരം റാഫീഞ്ഞ, സെവിയ്യ താരം ജൂൾസ് കൂണ്ടെ, ചെൽസി താരങ്ങളായ മാർക്കോസ് അലോൺസോ, സെസാർ അസ്പിലിക്യൂട്ട തുടങ്ങിയവരിലും ബാഴ്സയ്ക്ക് താത്പര്യമുണ്ട്.