യൂറോപ്പ ലീഗ് വിജയത്തിലും ബാഴ്‌സലോണ താരങ്ങൾക്ക് സാവിയുടെ മുന്നറിയിപ്പ്, പെഡ്രിക്ക് പ്രശംസ

Xavi El Clasico Warning To Barcelona Players
Xavi El Clasico Warning To Barcelona Players / Alex Caparros/GettyImages
facebooktwitterreddit

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ തുർക്കിഷ് ക്ലബായ ഗളത്സരെ അവരുടെ മൈതാനത്തുയർത്തിയ വെല്ലുവിളിയെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ കടന്നതിനു ശേഷം ബാഴ്‌സലോണ താരങ്ങൾക്ക് എൽ ക്ലാസിക്കോ മുന്നറിയിപ്പു നൽകി പരിശീലകൻ സാവി. യൂറോപ്പ ലീഗ് വിജയം ബാഴ്‌സലോണക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയെങ്കിലും എൽ ക്ലാസിക്കോ വിജയം നേടാൻ അതൊന്നും മതിയാവില്ലെന്നാണ് സാവി പറയുന്നത്.

ഇസ്‌താംബൂളിൽ ഇരുപത്തിയെട്ടാം മിനുട്ടിൽ തന്നെ ബ്രസീലിയൻ താരം മാർക്കാവോയുടെ ഗോളിൽ ഗളത്സര മുന്നിലെത്തിയെങ്കിലും പെഡ്രി, ഒബാമയാങ് എന്നിവരിലൂടെ ബാഴ്‌സലോണ തിരിച്ചു വന്നു. ക്യാമ്പ് നൂവിൽ വെച്ചു നടന്ന ആദ്യപാദ മത്സരത്തിൽ സമനില വഴങ്ങിയ ബാഴ്‌സലോണ ഈ വിജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു. അടുത്ത മത്സരം ലാ ലിഗയിൽ റയൽ മാഡ്രിഡിന് എതിരെയാണെന്നിരിക്കെയാണ് സാവി താരങ്ങൾക്ക് മുന്നറിയിപ്പു നൽകിയത്.

"ഈ ദിവസം വളരെ പ്രധാനമാണ്. ഇതൊരു യൂറോപ്യൻ പോരാട്ടമാണ്, ഞങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകണം. ഞങ്ങൾ എൽ ക്ലാസിക്കോക്കു മുൻപ് നല്ലൊരു നിലയിലാണെന്ന് നിങ്ങൾക്ക് പറയാം, പക്ഷെ അതൊന്നും തന്നെയല്ല. ഞാനത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. വളരെ ബുദ്ധിമുട്ടും കടുപ്പവും നിറഞ്ഞ പോരാട്ടമാണത്." സാവി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

"ഞങ്ങൾ വളരെ മികച്ചൊരു മത്സരമാണ് കളിച്ചതെന്നു കരുതുന്നു. ഞങ്ങൾ വ്യക്തിത്വം കാത്തുസൂക്ഷിച്ചാണ്‌ കളിച്ചത്. നല്ല രീതിയിൽ ആക്രമണവും നടത്തി. വളരെ ക്ഷമയോടെ കളിച്ച ഞങ്ങൾ ബുദ്ധിമുട്ടേറിയ ഒരു സ്റ്റേഡിയത്തിലാണ് തിരിച്ചുവരവു നടത്തിയത്." സാവി പറഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും മനോഹരമായ ഗോൾ നേടുകയും ചെയ്‌ത പെഡ്രിയെയും സാവി പ്രശംസിച്ചു.

"അതൊരു മഹത്തായ ഗോളാണ്. താരത്തിന് അതും അതിൽ കൂടുതലും കഴിയും. വെറും 19 വയസ്സാണ് താരത്തിന്റെ പ്രായം. അതൊരു വലിയ ഭാഗ്യമാണ്. അതിമനോഹരമായിരുന്നു ആ ഗോൾ. വളരെ ക്ഷമയോടു കൂടി കാത്തിരിക്കാൻ താരം തയ്യാറായി." സാവി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.