അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചുവെന്ന വാർത്തകളിൽ പ്രതികരിച്ച് സാവി ഹെർണാണ്ടസ്


ബാഴ്സലോണയുടെ അർജന്റീനിയൻ ഫുട്ബോൾ താരമായ സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കാൻ തീരുമാനം എടുത്തുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കാറ്റലൻ ക്ലബിന്റെ പരിശീലകനായ സാവി ഹെർണാണ്ടസ്. അഗ്യൂറോ തന്റെ ശാരീരികപ്രശ്നങ്ങളിൽ നിന്നും മുക്തനാവാനുള്ള ശ്രമത്തിലാണെന്നു പറഞ്ഞ സാവി താരം വിരമിക്കുമെന്ന റിപ്പോർട്ടുകളെ നിഷേധിക്കുകയാണു ചെയ്തത്.
"എനിക്കതിനെപ്പറ്റി ഒന്നും അറിയില്ല. ഞാൻ താരത്തോട് ഒരു ദിവസം സംസാരിച്ചിരുന്നു, അതു പ്രകാരം ഇപ്പോൾ പുറത്തു വന്ന വാർത്തകൾ സത്യമല്ല. ഞങ്ങൾക്കിതേക്കുറിച്ച് യാതൊരു വിവരവുമില്ല, എവിടെ നിന്നുമാണ് ഇതു വരുന്നതെന്നും അറിയില്ല. അദ്ദേഹം ശാന്തനാണ്. സുഖമാകുമ്പോൾ തിരിച്ചു വരാൻ ഞാൻ പറഞ്ഞു. ഇതൊരു മെഡിക്കൽ പ്രശ്നമാണ്, കൃത്യമായി മനസിലാക്കാൻ കാത്തിരിക്കുക തന്നെ വേണം," ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞു.
? Xavi sobre @aguerosergiokun: pic.twitter.com/sVGkbcGZEc
— FC Barcelona (@FCBarcelona_es) November 20, 2021
അതേസമയം അഗ്യൂറോ റിട്ടയർ ചെയ്യാൻ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ സത്യമാണെന്നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരമായ സമീർ നസ്രി പറഞ്ഞത്. അഗ്യൂറോക്ക് ഇതേപ്പറ്റി ചോദിച്ച് സന്ദേശം അയച്ചപ്പോൾ അത് സത്യമാണെന്ന മറുപടിയാണ് ലഭിച്ചതെന്നു പറഞ്ഞ നസ്രി എല്ലാവരും അറിയുന്ന ഫുട്ബോൾ താരമെന്ന നിലയിലുപരി അഗ്യൂറോ നല്ലൊരു വ്യക്തിത്വമാണെന്നും അഭിപ്രായപ്പെട്ടു. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന അഗ്യൂറോ വിരമിക്കാൻ നിർബന്ധിതമായതിൽ തനിക്കു സഹതാപമുണ്ടെന്നും നസ്രി കനാൽ പ്ലസിനോട് പറഞ്ഞു.
അലാവാസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിനിടയിൽ വെച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഗ്യൂറോക്ക് ഹൃദയമിടിപ്പിൽ വ്യതിയാനം സംഭവിക്കുന്ന രോഗം കണ്ടെത്തിയിരുന്നു. ഇനിയും കളിക്കളത്തിൽ തുടർന്നാൽ അപകടമായതു കൊണ്ട് താരം വിരമിക്കാൻ തീരുമാനിച്ചുവെന്നും ഈയാഴ്ച തന്നെ അതു പ്രഖ്യാപിക്കുമെന്നും ജെറാർഡ് റൊമേറോയാണ് റിപ്പോർട്ടു ചെയ്തത്.