ഫ്രെങ്കീ ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബാഴ്സലോണ പരിശീലകൻ സാവി


ഡച്ച് മധ്യനിര താരമായ ഫ്രെങ്കീ ഡി ജോംഗ് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സാവി ഹെർണാണ്ടസ്. അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ സാവി ബാഴ്സലോണക്ക് വളരെ പ്രധാനപ്പെട്ട താരമാണു ഡി ജോംഗെന്നും ഒരുപാട് വർഷങ്ങൾ താരം ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.
അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എറിക് ടെൻ ഹാഗ് എത്തുമെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിനു കീഴിൽ അയാക്സിൽ കളിച്ചിട്ടുള്ള ഫ്രെങ്കീ ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ടെൻ ഹാഗിനു കീഴിൽ അയാക്സ് യൂറോപ്പിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തിയപ്പോൾ ടീമിലെ പ്രധാനതാരമായിരുന്നു ഡി ജോംഗ്.
Even Xavi has had his say ? #mufc https://t.co/DeoCqywX9r
— Man United News (@ManUtdMEN) April 23, 2022
"ഞാൻ ഡി ജോംഗിനോട് ഭാവിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. താരം മികച്ച നിലവാരത്തിലാണ് കളിക്കുന്നത്, ഇവിടെത്തന്നെ തുടരുകയും ചെയ്യണം. വരുന്ന വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരമാകാൻ ഡി ജോംഗിനു കഴിയും." റയോ വയ്യക്കാനോയുമായുള്ള ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ സാവി പറഞ്ഞു.
"ഇതെന്നെ സംബന്ധിക്കുന്ന കാര്യമാണെങ്കിൽ ഞാനിവിടെ ഒരുപാട് വർഷങ്ങൾ തുടരും. താരത്തിന് വളരെ പ്രാധാന്യമുണ്ട്, ഇവിടെയൊരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്താൻ ഡി ജോംഗിനു കഴിയും. ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും ടീമിലെ പ്രധാന താരമായി മാറാനും ഡി ജോംഗിനു കഴിയണം." സാവി വ്യക്തമാക്കി.
2019ൽ ബാഴ്സലോണയിൽ എത്തിയ ഡി ജോംഗ് വളരെ പെട്ടന്നു തന്നെ ടീമിലെ പ്രധാന താരമായി മാറിയിരുന്നു. ഈ സീസണിൽ 42 മത്സരങ്ങൾ കളിച്ച് നാലു ഗോളുകൾ നേടിയിട്ടുള്ള താരം ബാഴ്സലോണ ആവശ്യപ്പെട്ടാൽ ദീർഘകാല കരാർ ഒപ്പിടാൻ താൻ തയ്യാറാകുമെന്നാണ് ആഴ്ചകൾക്കു മുൻപ് ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.