പാസ്പോര്‍ട്ട് പ്രശ്നം, സാവിയുടെ യുഎസ് യാത്ര വൈകും

പ്രീ സീസണ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി യുഎസിലേക്ക് പോയ ബാഴ്സലോണ ടീമിനൊപ്പം പരിശീലകന് സാവി ഇല്ല. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് പരിശീലകന്റെ യാത്ര മുടങ്ങിയതെന്നാണ് വിവരം. ടീം ഇന്നലെ മയായമിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ സംഘത്തിനൊപ്പം സാവിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഖത്തറില്‍ അല്‍-സാദിന്റെ പരിശീലകനായിരുന്ന സമയത്ത് ക്ലബിനൊപ്പം പലതവണ ഇറാനിലേക്ക് യാത്ര ചെയ്തതാണ് താരത്തിന്റെ പാസ്പോര്‍ട്ടിന് പ്രശ്നമായിരിക്കുന്നതെന്നാണ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യത്തേക്ക് സഞ്ചരിച്ചതിന് ശേഷം കുറച്ച് മാസങ്ങളുടെ ഇടവേളക്ക് ശേഷം മാത്രമേ അമേരിക്കയിലേക്ക് സഞ്ചരിക്കാന്‍ പറ്റൂ എന്ന നിയമമുണ്ട്.
ഇതുകാരണമാണ് സാവിയുടെ യാത്ര മുടങ്ങിയതെന്നാണ് വിവരം. എന്നാല്‍ ഉടന്‍ തന്നെ പ്രശ്നം പരിഹരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സാവി മയാമിയിലെത്തുമെന്നാണ് ക്ലബ് നല്കുന്ന വിശദീകരണം.
അതേ സമയം, ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്സലോണയിലെത്തുന്ന പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയും മയാമിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ബാഴ്സലോണ താരങ്ങളെ കണ്ടതിന് ശേഷം വീണ്ടും മ്യൂണിക്കിലേക്ക് പറക്കും.
തുടര്‍ന്ന് മ്യൂണിക്കിലെ സഹതാരങ്ങളോടും ജീവനക്കാരോടും യാത്ര പറഞ്ഞ് പിന്നീടായിരിക്കും താരം ബാഴ്സലോണക്കൊപ്പം ചേരുകയെന്നാണ് വിവരം. ലീഡ്സ് യുണൈറ്റഡില്‍ നിന്ന് ടീമിലെത്തിച്ച ബ്രസീലിയന്‍ താരം റഫീഞ്ഞയും ഇറ്റാലിയന്‍ ക്ലബായ എ.സി മിലാനില്‍ നിന്ന് കാറ്റാലന്‍ ക്ലബിലെത്തിയ ഫ്രാങ്ക് കെസ്സിയും മയാമിയിലേക്ക് പറന്നിട്ടുണ്ട്.