"ഇതു ബാഴ്സലോണ അർഹിക്കുന്നതല്ല"- ചാമ്പ്യൻസ് ലീഗിൽ വിജയം കൈവിട്ടതിൽ നിരാശനായി സാവി


ബെൻഫിക്കയുമായി ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും വിജയം നേടാതിരുന്ന ബാഴ്സയുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് പരിശീലകൻ സാവി. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ നേടാൻ കഴിയാതിരുന്ന പ്രകടനം ബാഴ്സലോണ അർഹിക്കുന്നതല്ലെന്നാണ് സാവി പറഞ്ഞത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ടീം ഒരു ഗോൾ വഴങ്ങുന്നതിന്റെ അരികിൽ എത്തിയെങ്കിലും ബെൻഫിക്ക താരം ഹാരിസ് സെഫെറോവിച്ച് അവിശ്വസനീയമായ രീതിയിൽ അതു പുറത്തേക്കടിച്ചു കളഞ്ഞതു കൊണ്ടാണ് ബാഴ്സ രക്ഷപ്പെട്ടത്.
വളരെ നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതോടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുമെന്ന നിലയിലാണ് ബാഴ്സലോണയുള്ളത്. ഇനി പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ ബയേൺ മ്യൂണിക്കുമായി നടക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടുകയോ അല്ലെങ്കിൽ ഡൈനാമോ കീവ് അവസാന മത്സരത്തിൽ ബെൻഫിക്കയെ തോൽപ്പിക്കുകയോ സമനിലയിൽ കുരുക്കുകയോ വേണം. നിലവിൽ അതു രണ്ടും നടക്കാനുള്ള സാധ്യത വളരെ കുറവാണ്.
Barcelona are just two points above Benfica and they next play Bayern Munich ?
— GOAL India (@Goal_India) November 24, 2021
Will Xavi's men qualify for the next round? ? pic.twitter.com/01ShXkirUx
"ഞങ്ങൾ ബെൻഫിക്കയെക്കാൾ ആധിപത്യം സ്ഥാപിച്ചിരുന്നു, മികച്ചൊരു മത്സരം കളിക്കുകയും ചെയ്തു, ഗോൾ മാത്രമായിരുന്നു ഇല്ലാതിരുന്നത്. ഞങ്ങൾ ഗോൾ കണ്ടെത്തിയിരുന്നെങ്കിൽ ഒരു മഹത്തായ മത്സരത്തെപ്പറ്റിയാവും നമ്മൾ സംസാരിക്കുക. എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്, ഞങ്ങൾ ബാഴ്സയാണ്, പ്രതിഭയും വ്യത്യാസം സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങളും ഞങ്ങൾക്കുണ്ട്. എന്നാൽ ഇന്നു നേടിയത് ഒരേയൊരു പോയിന്റാണെന്നത് ഞങ്ങൾ അർഹിക്കുന്നതല്ല."
"ഇന്നു ഞങ്ങൾ ശാരീരികമായി യാതൊരു പ്രശ്നവും ഇല്ലെന്നു കണ്ടു, ഗോളുകൾ നേടാൻ കഴിയുന്ന താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എന്താണ് ചെയ്യാൻ കഴിയുകയെന്നു നമുക്ക് കാണാം." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞു.
അതേസമയം ടീമിന് ആരാധകർ നൽകിയ പിന്തുണക്ക് പ്രതിരോധ താരമായ പിക്വ നന്ദി പറഞ്ഞു. കളിക്കളത്തിലെ ടീമിന്റെ സമീപനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിൽ ആരാധകർ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും ക്യാമ്പ് ന്യൂവിനെ ഇങ്ങിനെ കാണുന്നത് ആദ്യമായാണെന്നും പിക്വ പറഞ്ഞു. ബയേണിനെതിരെയുള്ള അവസാന മത്സരം ബുദ്ധിമുട്ടായിരിക്കുമെങ്കിലും അതിനെ സമീപിക്കുന്നത് ആവേശത്തോടെയാണെന്നും താരം കൂട്ടിച്ചേർത്തു.