Football in Malayalam

ബാഴ്സലോണയിലേക്ക് മെസി ഭാവിയിൽ മടങ്ങിയെത്തുമോ? സാവിയുടെ തിരിച്ചു വരവ് നിർണായകമാകുമെന്ന് സൂചന

Paris Saint Germain v Lille OSC - Ligue 1 Uber Eats
Paris Saint Germain v Lille OSC - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ക്ലബ്ബിന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് കരാർ പുതുക്കാനാവാതെ വന്നതോടെയായിരുന്നു അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിട്ടത്. തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയ അദ്ദേഹം 2 വർഷത്തെ കരാറാണ് അവരുമായി ഒപ്പുവെച്ചത്. എന്നാൽ പാരീസ് സെന്റ് ജെർമ്മനുമായുള്ള കരാർ അവസാനിക്കുന്നതോടെ മെസി കാറ്റലൻ ക്ലബ്ബിലേക്ക് തിരിച്ചുവന്നേക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകർ. ക്ലബ്ബ് ഇതിഹാസവും മെസിയുടെ സുഹൃത്തുക്കളിൽ ഒരാൾ കൂടിയായ സാവി പരിശീലകനായെത്തിയത് ബാഴ്സലോണയിലേക്ക് താരം മടങ്ങിയെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് സൂചനകൾ.

ബാഴ്സലോണയിൽ തുടരാൻ ആഗ്രഹിച്ചിരുന്ന മെസി ഇതിനായി തന്റെ ശമ്പളം ഗണ്യമായി വെട്ടിക്കുറക്കാനും തയ്യാറായിരുന്നു. എന്നിട്ട് പോലും തങ്ങളുടെ ഇതിഹാസ താരത്തെ പുതിയ കരാർ നൽകി ടീമിൽ നിലനിർത്താൻ അവർക്ക്‌ കഴിഞ്ഞില്ല. ക്ലബ്ബിൽ നിന്ന് മെസിക്ക് വിടവാങ്ങേണ്ടി വന്ന രീതി അദ്ദേഹവും ക്ലബ്ബിന്റെ പ്രസിഡന്റായ ജോവൻ ലപ്പോർട്ടയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്തു. എന്നാൽ സാവി പരിശീലകനായി ക്ലബ്ബിലേക്ക് തിരിച്ചെത്തിയത് മെസിയുടെ മടങ്ങി വരവിലും നിർണായമാകുമെന്നാണ് കരുതപ്പെടുന്നത്.

പിഎസ്‌ജിയിലെത്തിയതിന് ശേഷം തന്റെ പഴയ മികവിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞിട്ടില്ലാത്ത മെസി, സാവി പരിശീലകനായിരിക്കുന്ന സാഹചര്യത്തിൽ കാറ്റലൻ ക്ലബ്ബിലേക്കുള്ള ഒരു തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേ‌ സമയം, ബാഴ്സലോണ വിടാൻ കഴിഞ്ഞ സമ്മറിൽ നിർബന്ധിതനായെങ്കിലും ഒരിക്കലും ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മെസി പിന്നീട് തുറന്ന് പറഞ്ഞിരുന്നു. ബാഴ്സലോണയെ വളരെയധികം സ്നേഹിക്കുന്ന താ‌ൻ സ്പോർട്ടിംഗ് ഡയറക്ടറുടെ വേഷത്തിൽ ക്ലബ്ബിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞയിടക്ക് സ്പോർടിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രണ്ട് വർഷത്തെ പിഎസ്‌ജി കരാർ അവസാനിക്കുന്നതോടെ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ താല്പര്യപ്പെട്ടേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ കൂട്ടിവായിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. പല‌ ഘടകങ്ങളും ഇക്കാര്യത്തിൽ നിർണായകമാകുമെങ്കിലും, അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സാവി ഹെർണാണ്ടസായിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.


facebooktwitterreddit