അൻസു ഫാറ്റി മയോർക്കക്കെതിരെ കളിക്കുമെന്നു സ്ഥിരീകരിച്ച് സാവി ഹെർണാണ്ടസ്
By Sreejith N

മയോർക്കക്കെതിരെ നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിൽ ടീമിലെ യുവതാരമായ അൻസു ഫാറ്റിക്ക് അവസരം നൽകുമെന്നു സ്ഥിരീകരിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു താരം ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞുവെന്നും ഏതാനും മിനുട്ടുകൾ താരത്തിന് ലഭിക്കുമെന്ന് കരുതുന്നതായും സാവി പറഞ്ഞു.
അത്‌ലറ്റിക് ക്ലബിനെതിരെ ജനുവരിയിൽ നടന്ന കോപ്പ ഡെൽ റേ മത്സരത്തിലാണ് അൻസു ഫാറ്റിക്ക് വീണ്ടും പരിക്കേൽക്കുന്നത്. പരിക്കു മൂലം കഴിഞ്ഞ സീസൺ ഏറെക്കുറെ നഷ്ട്ടമായ താരത്തിന് അതെ സാഹചര്യമാണ് ഈ സീസണിലും നേരിടേണ്ടി വന്നത്. അതേസമയം താരത്തിന്റെ കഴിവിൽ സാവി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"ഫാറ്റി സ്‌ക്വാഡിനൊപ്പമുണ്ടാകും, അവൻ സുഖമായിരിക്കുന്നു, ഏതാനും മിനുട്ടുകൾ താരം കളിക്കുമെന്നും ഞാൻ കരുതുന്നു. സവിശേഷമായ കഴിവുകളുള്ള താരമാണവൻ, ഞാൻ വളരെ സന്തോഷത്തിലാണ്. അൻസു സ്പെഷ്യലാണ്, വളരെ പ്രധാനപ്പെട്ട താരമാണ്. എന്നാൽ ഫുട്ബോൾ കൂട്ടായ്‌മയുടെ കളിയാണ്, എല്ലാവരും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോണം." സാവി പറഞ്ഞു.
ഒരു കിരീടം പോലും ഇത്തവണ നേടാനാകില്ലെങ്കിലും അതിൽ നിരാശരാകാതെ മികച്ച രീതിയിൽ സീസൺ പൂർത്തിയാക്കാൻ താരങ്ങളോട് സാവി അഭ്യർത്ഥിച്ചു. ടീം ഇനിയും മെച്ചപ്പെടണമെന്നും അതിനായി ഓരോരുത്തരും അവരുടെ വ്യക്തിത്വം പുറത്തെടുത്ത് പൊരുതണമെന്നും വിജയിക്കാൻ കഴിവുള്ള ടീമാണ് തന്റേതെന്നും സാവി പറഞ്ഞു.
എസ്‌പാന്യോളിനെ തോൽപ്പിച്ച് ലാ ലിഗ കിരീടം നേടിയ റയൽ മാഡ്രിഡിനെ സാവി അഭിനന്ദിക്കുകയും ചെയ്‌തു. വളരെ ദൈർഘ്യം നിറഞ്ഞ ഒരു ടൂർണമെന്റ് ആയതിനാൽ മികച്ച ടീം ഉണ്ടാകണമെന്നും അവർക്കതുണ്ടെന്നും പറഞ്ഞ സാവി ഇപ്പോൾ അഭിനന്ദനം നൽകുന്നുവെങ്കിലും അടുത്ത സീസണിൽ കൂടുതൽ മികച്ച രീതിയിൽ ബാഴ്‌സലോണ പൊരുതുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.