Football in Malayalam

ഫാറ്റിയുടെ പരിക്ക് ഡെംബലെയോടുള്ള നിലപാടിൽ മാറ്റമുണ്ടാക്കില്ലെന്ന് സാവി, താരം വീണ്ടും ടീമിൽ നിന്നും പുറത്ത്

Sreejith N
Athletic Club v FC Barcelona - Copa Del Rey
Athletic Club v FC Barcelona - Copa Del Rey / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ബാഴ്‌സലോണയുമായുള്ള കരാർ പുതുക്കാൻ തയ്യാറാകാത്ത ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലെയെ ടീമിൽ നിന്നും വീണ്ടും തഴഞ്ഞ് പരിശീലകൻ സാവി ഹെർണാണ്ടസ്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അൻസു ഫാറ്റിക്കു പരിക്കു പറ്റിയത് ഡെംബലെയോടുള്ള നിലപാടിൽ മാറ്റങ്ങളുണ്ടാക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തെ അലാവസിനെ നേരിടാനുള്ള ടീമിൽ നിന്നും സാവി ഒഴിവാക്കിയത്.

കഴിഞ്ഞ കോപ്പ ഡെൽ റേ മത്സരത്തിൽ പരിക്കു പറ്റിയ അൻസു ഫാറ്റിക്ക് ടീമിനൊപ്പം തുടരാൻ കഴിയില്ലെന്നത് ഡെംബലെയുടെ സാഹചര്യത്തിൽ മാറ്റമുണ്ടാക്കുമോ എന്ന ചോദ്യത്തിനു മാധ്യമങ്ങളോടുള്ള സാവിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "സാഹചര്യങ്ങൾ മാറാൻ പോകുന്നില്ല, അതു താരമാണ് തീരുമാനിക്കേണ്ടത്. മറ്റൊരു തരത്തിലും സാഹചര്യങ്ങൾ മാറാൻ പോകുന്നില്ല." ഫാറ്റിയുടെ പരിക്കിന്റെ വിശദവിവരങ്ങൾ തിങ്കാളാഴ്ചയെ അറിയൂവെന്നും താരം കൂട്ടിച്ചേർത്തു.

"ഫാറ്റിയുടെ പരിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. തിങ്കളാഴ്ച്ച മറ്റൊരു മീറ്റിങ് കൂടിയുണ്ട്. താരം അര മണിക്കൂർ കളിക്കാൻ ഫിറ്റ് ആണെന്നു ഡോക്ടർ പ്രൂണ പറഞ്ഞെങ്കിലും എക്‌സ്ട്രാ ടൈം ഞങ്ങളുടെ പദ്ധതികൾ തകർത്തു. താരത്തിന് അധികം പരിക്കേൽക്കാതെ കളിക്കാനും പരിക്കിൽ നിന്നും വേഗത്തിൽ മോചിതനാവാനും ഒരു പദ്ധതി ഞങ്ങൾ ഉണ്ടാക്കും, എന്നാൽ ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയുണ്ടാകില്ല." സാവി പറഞ്ഞു.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാതെ ഡെംബലെ തുടർന്നാൽ താരം കളിക്കുമോ, അതോ പുറത്തിരിക്കുമോ എന്ന ചോദ്യത്തിന് സാവി വ്യക്തമായി മറുപടി പറഞ്ഞില്ല. "ഇതിൽ കൂടുതലൊന്നും പറയാനില്ല. എന്താണ് നിലവിലെ സാഹചര്യം എന്നു താരത്തിന് നന്നായി അറിയാം. ഒരുപാട് ബദൽ മാർഗങ്ങൾ ഇപ്പോഴുണ്ട്." സാവി വ്യക്തമാക്കി.

ഡെംബലെ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും സാവി പറഞ്ഞു. ടീം വിജയങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് തന്നെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നു പറഞ്ഞ സാവി ഒരു പരിശീലകൻ മാറി മറ്റൊരാൾ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നടപ്പിൽ വരാൻ സമയമെടുക്കുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit