Football in Malayalam

'അത്ഭുതങ്ങളൊന്നും കാണിക്കാതെ തന്നെ ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയും' - ബയേണിനെതിരെ ആത്മവിശ്വാസത്തോടെ സാവി

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ബാഴ്‌സലോണ അത്ഭുതങ്ങളൊന്നും കാണിക്കേണ്ട ആവശ്യമില്ലെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. മത്സരം വിജയിക്കണോ വേണ്ടയോ എന്നത് ബാഴ്‌സയുടെ കയ്യിലാണെന്നും ടീം എല്ലാം നൽകി പൊരുതുമെന്നും സാവി വ്യക്തമാക്കി.

നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണെങ്കിലും അവസാന പോരാട്ടത്തിൽ പരാജയം വഴങ്ങിയാൽ ടൂർണമെന്റിൽ നിന്നും പുറത്താകുമെന്ന സ്ഥിതിയിലാണ് ബാഴ്‌സലോണ. ബെൻഫിക്കയും ഡൈനാമോ കീവും തമ്മിലുള്ള മത്സരഫലം ഇതിൽ സ്വാധീനം ചെലുത്തുന്ന ഒന്നാണെങ്കിലും കരുത്തരായ ബയേണിനെതിരെ വിജയം നേടിത്തന്നെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനാണു ബാഴ്‌സ ഒരുങ്ങുന്നത്.

"അതു ഞങ്ങളുടെ കൈകളിലാണുള്ളത്, കൈവശമുള്ളതെല്ലാം ഞങ്ങൾ നൽകുകയും ചെയ്യും. മത്സരത്തിനു ശേഷം എന്താകുമെന്ന് നമുക്ക് നോക്കാം. അതിനൊരു അത്ഭുതം പ്രവർത്തിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല. ഇതൊരൊറ്റ മത്സരമാണ്, അതിൽ ഞങ്ങൾക്ക് ഏതു ടീമിനെയും തോൽപ്പിക്കാനും കഴിയും." സാവി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബയേൺ ഏതെങ്കിലുമോരു സാധാരണ ടീമില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. "ഞങ്ങൾക്ക് ക്ഷമ വേണം. ഇതൊരു രാത്രി കൊണ്ട് നടന്നതല്ല. അവസാനം കണ്ടു മുട്ടിയപ്പോൾ ഞങ്ങളെക്കാൾ മികച്ചു നിന്നിരുന്ന ഒരു എതിരാളിക്കെതിരെയാണ് കളിക്കാനിറങ്ങുന്നത്." സാവി വ്യക്തമാക്കി.

ഗ്രൂപ്പിൽ നടക്കുന്ന ബെൻഫിക്ക-ഡൈനാമോ കീവ് പോരാട്ടം ബാഴ്‌സ ശ്രദ്ധിക്കേണ്ടതില്ലെന്നും ഈ മത്സരം തോറ്റാൽ മാത്രം അതിന്റെ ഫലത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നുമാണ് സാവി പറയുന്നത്. ടീമിലെ താരങ്ങൾ സമ്മർദ്ദം ഒഴിവാക്കണമെന്നും അവരെ സഹായിക്കാൻ താൻ കൂടെയുണ്ടെന്ന ധൈര്യവും സാവി നൽകി.

ബയേൺ മ്യൂണിക്കിന്റെ മൈതാനത്തു നടന്ന മത്സരങ്ങളിൽ വിജയം നേടാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്താൻ കഴിയുമെന്ന പ്രതീക്ഷയും സാവി പ്രകടിപ്പിച്ചു. ലെഫ്റ്റ് ബാക്കായ ജോർഡി ആൽബ മത്സരം കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit