കൂണ്ടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സാവി
By Sreejith N

സെവിയ്യ താരമായ ജൂൾസ് കൂണ്ടെ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ചെൽസിയെ മറികടന്ന് ഇരുപത്തിമൂന്നു വയസുള്ള ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നുവെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
കൂണ്ടെക്ക് ബാഴ്‌സയിലേക്ക് ചേക്കേറാനാണ് താല്പര്യമെന്നാണ് റൊമാനോ വ്യക്തമാക്കുന്നത്. വ്യക്തിഗത കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്നും ബാഴ്‌സലോണയുടെ ഒഫിഷ്യൽ ബിഡ് ഉടനെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. താരത്തിനായി രംഗത്തുണ്ടായിരുന്ന ചെൽസി മറ്റു കളിക്കാരെ പരിഗണിച്ചു തുടങ്ങിയെന്നും റൊമാനൊ വെളിപ്പെടുത്തി.
അതേസമയം താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അത് നിഷേധിക്കാൻ സാവി തയ്യാറായില്ല. "ഞങ്ങൾ സ്‌ക്വാഡിനെ മെച്ചപ്പെടുത്താൻ പോവുകയാണ്, ബോർഡ് അതിനു വേണ്ടി പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് ഏതെങ്കിലും ട്രാൻസ്‌ഫർ പ്രഖ്യാപിക്കാനുണ്ടെങ്കിൽ ഞങ്ങളത് ചെയ്യും." ഇതായിരുന്നു സാവിയുടെ മറുപടി.
തന്റെ പ്രൊജക്റ്റിനായി സാവി ആവശ്യപ്പെട്ട താരങ്ങളിലൊരാൾ കൂണ്ടെ ആയിരുന്നു. സെവിയ്യ താരത്തെയും ബാഴ്‌സലോണയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ടീമിന്റെ കരുത്ത് ഒരുപാട് വർധിക്കുമെന്നതിൽ സംശയമില്ല. ഇതിനു മുൻപ് നാല് താരങ്ങളെ ബാഴ്‌സലോണ സ്വന്തമാക്കിയിട്ടുണ്ട്.