"ബാഴ്‌സലോണ വിജയം അർഹിച്ചിരുന്നു"- യൂറോപ്പ ലീഗിൽ ഗളത്സരക്കെതിരെ സമനില വഴങ്ങിയതിൽ പ്രതികരിച്ച് സാവി

Xavi Comments On Europa League Draw Against Galatasaray
Xavi Comments On Europa League Draw Against Galatasaray / Soccrates Images/GettyImages
facebooktwitterreddit

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ തുർക്കിഷ് ക്ലബായ ഗളത്സരക്കെതിരെ ബാഴ്‌സലോണക്ക് ഒഴുക്കുള്ള കളി നഷ്‌ടമായെന്ന് ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. ഇന്നലെ ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ ഗളത്സര പ്രതിരോധം ബാഴ്‌സലോണയെ വരിഞ്ഞു മുറുകിയപ്പോൾ രണ്ടു ടീമുകളും ഗോളൊന്നും നേടാൻ കഴിയാതെ സമനില വഴങ്ങുകയായിരുന്നു. ബാഴ്‌സലോണയിൽ നിന്നും ലോണിൽ തുർക്കിഷ് ക്ലബിനായി കളിക്കുന്ന ഗോൾകീപ്പർ ഇനാകി പെനയുടെ പ്രകടനത്തെയും സാവി പ്രശംസിച്ചു.

"ഞങ്ങൾ മുൻപത്തെ മത്സരങ്ങളിലേതു പോലെ ആയിരുന്നില്ല, ആദ്യ പകുതിയിൽ ഒഴുക്കു നഷ്‌ടമായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടു. നിങ്ങളുടെ തീവ്രത കുറഞ്ഞാൽ എല്ലാം നഷ്ടമാകുമെന്ന് ഞാൻ കളിക്കാരോട് പറഞ്ഞിരുന്നു. എന്തായാലും ഞങ്ങൾ ശ്രമം നടത്തുകയുണ്ടായി. പ്രതിരോധത്തിൽ മികച്ചു നിന്ന എതിരാളിയെയാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇനാകിയും ഗംഭീര പ്രകടനമാണ് നടത്തിയത്. ഞങ്ങൾ പക്ഷെ കഴിഞ്ഞ മത്സരങ്ങൾ പോലെ ആയിരുന്നില്ല." മാധ്യമങ്ങളോട് സാവി പറഞ്ഞു.

"രണ്ടു കാര്യങ്ങളാണ് ടീമിന്റെ ഒഴുക്കു നഷ്ടമാകാൻ കാരണം. എതിരാളികൾ പ്രതിരോധത്തിൽ വളരെ മികവോടെയും തീവ്രത പുലർത്തിയും നിന്നിരുന്നു. അവരെക്കുറിച്ച് ഞങ്ങൾ വിശകലനം ചെയ്‌തതു പോലെയായിരുന്നില്ല കളിച്ചത്. ഇനാകിയും വേറിട്ടു നിൽക്കുന്ന പ്രകടനം നടത്തി. ഞങ്ങൾ ആക്രമണത്തിൽ അലസത പുലർത്തി. രണ്ടാം പകുതിയിൽ ഞങ്ങൾ മെച്ചപ്പെട്ടിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഒരു ഗോളിന്റെ വിജയം അർഹിച്ചിരുന്നു." സാവി വ്യക്തമാക്കി.

സ്വന്തം മൈതാനത്തു നടന്ന കളിയിൽ സമനില വഴങ്ങിയതോടെ ഗളത്സരയുടെ മൈതാനത്തു നടക്കുന്ന രണ്ടാം പാദ മത്സരം ബാഴ്‌സലോണക്ക് വളരെ നിർണായകമാണ്. ആരും വിജയം നേടുകയോ തോൽക്കുകയോ ചെയ്യാതിരുന്ന ഈ മത്സരം ബാഴ്‌സലോണക്ക് കൂടുതൽ മെച്ചപ്പെടാനുള്ള അവസരം നൽകുമെന്നും സാവി പറഞ്ഞു. നാപ്പോളിക്കെതിരെ സമാനമായ രീതിയിൽ ബാഴ്‌സലോണ വിജയിച്ചു വന്നതും സാവി ഓർമിപ്പിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.